Asianet News MalayalamAsianet News Malayalam

ജിഗ്​നേഷ്​ മെവാനിയും കനയ്യകുമാറും ​ഗുജറാത്ത്​ ​പൊലീസ്​ കസ്​റ്റഡിയിൽ ; ഫ്രീഡം മാർച്ചിന്​ അനുമതി റദ്ദാക്കി

Jignesh Mevani Kanhaiya detained ahead of Azadi Kuch in Mehsana
Author
First Published Jul 13, 2017, 11:34 AM IST

മെഹ്‌സാന: ദളിത് ആക്ടിവിസ്​റ്റ്​ ജിഗ്നേഷ് മെവാനിയും ജെ.എന്‍.യു.എസ്.യു മുന്‍ പ്രസിഡന്റ് കനയ്യകുമാറും ഗുജറാത്ത്​ പൊലീസി​ൻ്റെ കസ്​റ്റഡിയിൽ. ഉനയില്‍ ദളിത് യുവാക്ക​ളെ ഗോ സംരക്ഷകർ ആക്രമിച്ച സംഭവത്തിൻ്റെ വാര്‍ഷികത്തില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചതിനെതിരെയാണ് പൊലീസ്​ നടപടി. അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ചെന്നതിന്​ ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ജിഗ്നേഷിനും കനയ്യയ്ക്കും പുറമേ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ  15 ദളിത് പ്രവർത്തകരും കസ്​റ്റഡിയിലാണ്​.  അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.  നിയമവിരുദ്ധമായി യോഗം ചേര്‍ന്നു എന്ന കുറ്റം (ഐ.പി.സി സെക്ഷന്‍ 143)   ചുമത്തിയാണ്​ കേസ്​.

രാഷ്​ട്രീയ ദളിത് അധികാര്‍ മഞ്ച് കണ്‍വീനറായ ജിഗ്നേഷ് മെവാനി ജൂലൈ 13ന് ഗുജറാത്തില്‍ സംഘടിപ്പിച്ച ‘ആസാദി കുച്ച്​’ മാര്‍ച്ചില്‍ പങ്കെടുക്കാനായി​ കനയ്യകുമാറിനെ ക്ഷണിച്ചിരുന്നു. ഇതുപ്രകാരമാണ്​ കനയ്യകുമാര്‍ എത്തിയത്.
മാര്‍ച്ചില്‍ അണിനിരക്കാനായി സോംനാഥ് ചൗക്കില്‍ ദളിത് ആക്ടവിസ്​റ്റുകളും എത്തിയിരുന്നു. മാര്‍ച്ച് നടത്താനായി ജിഗ്നേഷിന് നേരത്തെ അനുവാദം നല്‍കിയിരുന്നെങ്കിലും മെഹ്‌സാന ജില്ലാ അധികൃതര്‍ പിന്നീട്​  റദ്ദാക്കി. പൊലീസ്​ പിന്നീട്​ പുതുക്കി സമർപ്പിച്ച റിപ്പോർട്ടിൽ മാർച്ച്​ ക്രമസമാധാന പ്രശ്​നമുണ്ടാക്കുമെന്ന്​ പറഞ്ഞിരുന്നു. അതുകൊണ്ടാണ്​ നേരത്തെ നൽകിയ അനുമതി റദ്ദാക്കിയതെന്നാണ്​ എക്​സിക്യുട്ടീവ്​ മജിസ്​ട്രേറ്റി​ൻ്റെ ഉത്തരവിൽ പറയുന്നു. 

എന്നാൽ  അവരെ അറസ്​റ്റ്​ ചെയ്തിട്ടില്ലെന്നും കുറച്ചുസമയം കഴിഞ്ഞാല്‍  വിടുമെന്നുമാണ്​ മെഹ്‌സാന എ. ഡിവിഷന്‍ പൊലീസ് സ്​റ്റേഷനിലെ  ഉദ്യോഗസ്ഥന്‍ പറഞ്ഞത്​. നിശ്ചയിച്ച പ്രകാരം വടക്കന്‍ ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ ധനേറയില്‍ ഒരാഴ്ചയ്ക്കുശേഷം അവസാനിക്കേണ്ടതായിരുന്നു ഫ്രീഡം മാര്‍ച്ച്. ദളിതര്‍ക്ക്  കാര്‍ഷിക ഭൂമി അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ് മാര്‍ച്ചി​ൻ്റെ പ്രധാന  അജണ്ട.

അതേസമയം മാര്‍ച്ചി​ൻ്റെ അടുത്ത ലക്ഷ്യസ്ഥാനമായ ഉഞ്ചയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളതിനാല്‍ മാര്‍ച്ച് തുടരുമെന്ന് കോ കണ്‍വീനര്‍ കൗശിക് പാര്‍മര്‍ അറിയിച്ചു. ഇന്നുരാത്രിയോടെ ഉഞ്ചയിലേക്കെത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 2016 ജൂലൈ 11 നാണ് ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കളെ പശു സംരക്ഷണത്തി​ൻ്റെ പേരില്‍ ക്രൂരമായി മര്‍ദ്ദനത്തിന്​ ഇരയായതും. ഇത്​ രാജ്യമൊന്നടങ്കം വൻ പ്രതിഷേധങ്ങൾക്ക്​ വഴിവെച്ചിരുന്നു.

Follow Us:
Download App:
  • android
  • ios