അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ട്വിറ്ററിലൂടെയാണ് താന്‍ മത്സരിക്കുന്ന കാര്യം ജിഗ്‌നേഷ് മേവാനി വെളിപ്പെടുത്തിയത്. ഗുജറാത്തില്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ചു കൊണ്ട് ദളിത് - പാട്ടീല്‍ വിഭാഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ദളിത് വിഭാഗത്തിന്റെ പ്രധാന നേതാവായ ജിഗ്നേഷ് മേവാനി ബിജെപിയാണ് തങ്ങളുടെ പ്രധാന ശത്രുവെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജിഗ്നേഷ് തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ തെരഞ്ഞെടുത്തത് കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റിലാണ്. 

Scroll to load tweet…

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. കോണ്‍ഗ്രസിനായി സിറ്റിംഗ് എംഎല്‍എ മണിഭായ് വഘേലയും ബിജെപിക്കായി വിജയ്ഭായ് ഹര്‍ക്കഭായ് ചക്രവതിയും വാദ്ഗാം മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. പട്ടിക ജാതി സംവരണ മണ്ഡലമാണിത്. 

ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മത്സരിക്കാനുള്ള തീരുമാനവുമായി ജിഗ്‌നേഷ് മേവാനി മുന്നോട്ട് വന്നത്. പരസ്യമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുകയാകും തങ്ങളുടെ ലക്ഷ്യമെന്നാണ് മേവാനി പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കുള്ള ക്ഷണവും മേവാനി നിരസിച്ചിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല, ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്യാനും പറയില്ല. എന്നാല്‍ ഭരണഘടനാ വിരുദ്ധവും ദലിത്കര്‍ഷക വിരുദ്ധവുമായ ബിജെപിയ താഴെയിറക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.