തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ മരിച്ച വിനായകിന്റെ കുടുംബത്തിന് പിന്തുണയുമായി ദളിത് സമര നായകന്‍ ജിഗ്‌നേഷ് മേവാനി എത്തി. ഏങ്ങണ്ടിയൂരിലെ വിനായകന്റെ വീട്ടിലെത്തിയ ജിഗ്‌നേഷ് മേവാനി കുടുംബത്തിന് കേസ് നടത്തുന്നതിനടക്കമുള്ള പിന്തുണ വാഗ്ദാനം ചെയ്തു.നാളെ മന്ത്രി എകെ ബാലന്‍ വിനായകന്റെ വീട് സന്ദര്‍ശിക്കും.

തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി വിനായകന്റെ വീട്ടിലെത്തിയത്.രാത്രി 10 മണിയോടെ ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിയ ജിഗ്‌നേഷ് കേസ് സംബന്ധിച്ച വിവരങ്ങള്‍ കുടുംബത്തോട് ആരാഞ്ഞു. 

വിനായകനെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്‌പെന്റ് ചെയ്‌തെങ്കിലും ഇതുവരെയും കേസെടുക്കാത്തതില്‍ പ്രതിഷേധത്തിലുള്ള കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു. വിനായകന്റെ മരണം ക്രൈം ബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ മര്‍ദ്ദിച്ച പൊലീസുദ്യോഗസ്ഥരെ കേസില്‍ പ്രതികളാക്കുമോയെന്നാണ് ഇനിയറിയേണ്ടത്. 

ക്രൈബ്രാഞ്ചിന്റെ അന്വേഷണ ചുമതല ആര്‍ക്കാണെന്ന് ഉടന്‍ തീരുമാനിക്കും. ഇന്ന് മന്ത്രി എകെ ബാലന്‍ വിനായകന്റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഹര്‍ത്താലായതിനാല്‍ സന്ദര്‍ശനം നാളേത്തേക്ക് മാറ്റി.