കൈരാന ലോകസഭാ ഉപതെരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ പൊതുതരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് സംഘപരിവാര്‍ നീക്കമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു.

അലിഗഢ് സര്‍വകലാശാലയില്‍ ജിന്നാ വിവാദം കുത്തിപ്പൊക്കിയതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ അജണ്ടയെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍. കൈരാന ലോകസഭാ ഉപതെരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ പൊതുതരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് സംഘപരിവാര്‍ നീക്കമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ഇപ്പോള്‍ അവര്‍ ചിത്രം മാറ്റാന്‍ പറയുന്നു. അതംഗീകരിച്ചാല്‍ പിന്നെ സര്‍വകലാശാലയുടെ പേര് മാറ്റാന്‍ പറയും. പിന്നെ സര്‍വകലാശലയിലെ ചില വകുപ്പുകള്‍ മാറ്റാന്‍ പറയും. ഇതിന് അവസാനമുണ്ടാകുമോ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. 

ബിജെപി കേന്ദ്ര നേതൃത്വത്തേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഏറെ ഞെട്ടിച്ച ഒന്നായിരുന്നു അടുത്തിടെ നടന്ന ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍. ഉത്തര്‍പ്രദേശിലെ തന്നെ കൈരാന ലോകസഭാ സീറ്റിലും നുര്പൂര്‍ നിയമസഭാ സീറ്റിലും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 

കൈരനായില്‍ ബിജെപിയുടെ ഹുക്കും സിംഗ് കഴിഞ്ഞ തവണ ജയിച്ചത് രണ്ടര ലക്ഷം വോട്ടിന്റെ വ്യത്യാസത്തിനാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മകള്‍ മൃകങ്ക സിംഗ് തോറ്റിരുന്നു. ലോക്‌സഭയില്‍ സ്ഥാനാര്‍ത്ഥിയായ മൃകങ്ക സിംഗിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഹിന്ദുവിഭാഗങ്ങളുടെ വോട്ടുകള്‍ പരമാവധി ധ്രുവീകരിച്ച് നേട്ടം കൊയ്യുക എന്ന ലക്ഷ്യം മാത്രമാണ് ജിന്നയുടെ ചിത്രത്തിന്റെ പേരിലുള്ള വിവാദത്തിന് പിന്നിലെന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ കുറ്റപ്പെടുത്തുന്നു. അലിഗഡിലെ സമരവും വിവാദവും പശ്ചിമ ഉത്തര്‍പ്രദേശില്‍ വീണ്ടും സംഘപരിവാര്‍ സംഘടനകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ ബിജെപിക്കെതിരെ ദളിത് രോഷമുയരുന്നതില്‍ നിന്ന് ശ്രദ്ധ തീരിക്കാനും സമരം സഹായിച്ചിട്ടുണ്ട്.