Asianet News MalayalamAsianet News Malayalam

ജിഷ വധക്കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Jisha Murder case: high court denied CBI Probe
Author
Kochi, First Published May 30, 2016, 7:30 AM IST

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്, ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, അനില്‍ ശിവരാമന്‍ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. 

കേസ് സംബന്ധിച്ച മൂന്നു ഹര്‍ജികളാണ് ഇന്നു ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത്. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്കു നല്‍കേണ്ടതില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മരിച്ചാലും ഇരയുടെ സ്വകാര്യത നിലനില്‍ക്കും. 

ഇരയുടെ പേര് മാധ്യമങ്ങളില്‍ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. കേസ് എങ്ങനെ അന്വേഷിക്കണമെന്നത് അന്വേഷണസംഘത്തിനു തീരുമാനിക്കാം. അന്വേഷണ സംഘത്തിന് എന്തെങ്കിലും നിര്‍ദേശം കോടതി നല്‌കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി അറിയിച്ചു.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്, ആന്തരികാവയവങ്ങളുടെ പരിശോധനാ ഫല റിപ്പോര്‍ട്ട് എന്നിവ പോലീസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഐജി മഹിപാല്‍ യാദവ് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. 
 

Follow Us:
Download App:
  • android
  • ios