ജിഷയുടെ ചുരിദാറിലെ കണ്ട ഉമിനീരില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ സാംപിള്‍ ഫലം ലഭിച്ചതാണ് അന്വേഷണം കൂടുതല്‍ സജീവമാക്കാന്‍ സഹായിച്ചിരിക്കുന്നത്. നിലവില്‍ സംശയിക്കുന്ന പ്രതികളുടെ ഡിഎന്‍എയുമായി ഇതിന് ബന്ധമില്ലെന്ന് കണ്ടതോടെ കൂടുതല്‍ വ്യക്തികളിലേക്ക് അന്വേഷണം നീണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കുപ്രസിദ്ധ മോഷ്ടാവ് ഓട്ടപ്പല്ലന്‍ രാജയെക്കുറിച്ചുളള അന്വേഷണം. 2004ല്‍ എറണാകുളം കച്ചേരിപ്പടിയില്‍ മേരി എന്ന വൃദ്ധയെ കൊലപപ്പെടുത്തിയ കേസിലെ പ്രതിയാണ് ഓട്ടപ്പല്ലന്‍ രാജ. വൃദ്ധ സദനത്തില്‍ മോഷണത്തിനിടെയാണ് ഇയാള്‍ മൃഗീയമായ രീതിയില്‍ മേരിയെ കൊലപ്പെടുത്തിയത്. ഇയാളുടെ പുതുക്കോട്ടയിലെ വസതിയിലും പരിസരത്തും പൊലീസ് തെരച്ചില്‍ നടത്തി. ഇയാളുടെ ഡിഎന്‍എ സാംപിളെടുത്ത് പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതിനിടെ ബംഗാളില്‍ തങ്ങുകയായിരുന്ന സംഘത്തെ അസമിലേക്ക് അയച്ചു. ജിഷയുടെ കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അസമിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. രണ്ട് പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവിധ തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഒഴിവായതിന്റെ ആശ്വാസത്തിലാണ് അന്വേഷണ സംഘം. ശാസ്ത്രിയമായ അന്വേഷണങ്ങളിലൂടെ പ്രതിയെ താമസിയാതെ പിടികൂടാനാകുമെന്ന് വിശ്വാസത്തിലാണ് പൊലീസ്.
ഇതിനിടെ ലഭ്യമായ തെളിവുകളും മൊഴികളും ആദ്യം മുതല്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അന്വേഷണത്തിനിടെ എന്തെങ്കിലും തെളിവുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്. മാത്രമല്ല, ഉദ്യോഗസ്ഥര്‍ ഇതിനകം പരിശോധിച്ച പ്രദേശങ്ങള്‍ പുതിയ ടീമിനെ കൊണ്ട് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ വഴികളും പൂര്‍ണമായി പരിശോധിച്ചു എന്നുറപ്പു വരുത്തുകയാണ് ലക്ഷ്യം.
