കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരീ ഭര്‍ത്താവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. സംഭവ ദിവസം രാവിലെ ഇയാളെ പ്രദേശത്തു കണ്ടതായി ചിലര്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പെരുമ്പാവൂര്‍ പരിധിയിലല്ല. ഫോണ്‍ മറ്റാരുടെയെങ്കിലും പക്കല്‍ ആയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

രണ്ടാം ഘട്ട ചോദ്യം ചെയ്യലിനാണു ജിഷയുടെ സഹോദരീ ഭര്‍ത്താവിനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. ഏറെക്കാലമായി ഈ കുടുംബവുമായി അകന്നുകഴിയുന്ന ഇയാള്‍ സംഭവ ദിവസം രാവിലെ പ്രദേശത്ത് എത്തിയിരുന്നതായി മൊഴി ലഭിച്ചിരുന്നു. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ഇയാളുടെ മൊഴി വിശ്വസിച്ച പൊലീസിന്, പിന്നീടുണ്ടായ ചില സംശയങ്ങളാണു വീണ്ടും ചോദ്യം ചെയ്യലിനു വിളിപ്പിക്കാന്‍ കാരണം.

ഇയാള്‍ പ്രദേശത്തുണ്ടായിരുന്നെങ്കിലും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പെരുമ്പാവൂര്‍ പരിധിയിലില്ല. മാത്രവുമല്ല ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നുമുണ്ട്. ഈ നമ്പരില്‍നിന്നു ചില കോളുകളും വിളിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഇന്റര്‍നെറ്റ് കോളുകളാണ്. ഇത് മനപൂര്‍വമായിരുന്നോ എന്നാണു പൊലീസിനു സംശയം.

തന്റെ സാന്നിധ്യം പെരുമ്പാവൂരില്‍ ഇല്ലെന്ന് ഉറപ്പിക്കാന്‍ മനപൂര്‍വം ചെയ്തതാണോ എന്ന സംശയവും ചില അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണു സഹോദരീ ഭര്‍ത്താവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.