കൊച്ചി: ജിഷയുടെ കൊലപാതകം സംബന്ധിച്ചു പൊലീസിനു കൂടുതല്‍ വ്യക്തത ലഭിച്ചു. ജിഷയെ കൊലപ്പെടുത്തിയതു വൈകിട്ട് 5:40നെന്ന അനുമാനത്തില്‍ അന്വേഷണ സംഘം എത്തി. ഈ നിഗമനത്തിലെത്തിച്ചേരാനുള്ള സുപ്രധാന മൊഴി പ്രദേശവാസികളില്‍നിന്നു കിട്ടി.

മൂന്നു മണിക്കു ശേഷമാണു ജിഷ കൊല്ലപ്പെട്ടതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ പിന്‍ബലത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണു പ്രദേശവാസിയില്‍നിന്നു സുപ്രധാന മൊഴി ലഭിച്ചത്. വൈകിട്ട് അ‍ഞ്ചു മണിക്ക് ജിഷ വെള്ളമെടുത്തു പോകുന്നതായി കണ്ടെന്ന് ഇയാള്‍ മൊഴി നല്‍കി. അഞ്ചേ മുക്കാലോടെ ജിഷയുടെ വീട്ടില്‍നിന്ന് നിലവിളിയും ഞരക്കവും പോലെ ശബ്ദം കേട്ടെന്നു സമീപവാസികളായ മൂന്നു സ്ത്രീകളും മൊഴി നല്‍കി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് 5:40ന് ആയിരിക്കാം കൃത്യം നടന്നതെന്ന നിഗമനത്തിലേക്കു പൊലീസ് എത്തിയത്.

ആദ്യ ഘട്ടങ്ങളിലൊന്നും പ്രദേശവാസികള്‍ പൊലീസിനു കൃത്യമായ മൊഴി നല്‍കിയിരുന്നില്ല. ഘാതകനെന്നു പൊലീസ് സംശയിക്കുന്നയാള്‍ വൈകിട്ട് 6:05 ഓടെ കനാല്‍ കടന്നു പോകുന്നതു കണ്ടെന്നും പ്രദേശവാസികളില്‍നിന്നു മൊഴി ലഭിച്ചിട്ടുണ്ട്. ആറു മണിയോടെ ഓഫിസ് വിട്ടു വരുന്നവരും, കനാല്‍ പ്രദേശത്ത് സ്ഥിരമായി വരാറുള്ളതുമായ ആളുകളില്‍നിന്നു മൊഴി ശേഖരിക്കാനുള്ള ശ്രമത്തിലാണു പൊലീസ്.