ടി പി സെന്‍കുമാറിന് പകരം പൊലീസ് മേധാവി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ശേഷമാണ് ഡിജിപി ലോക്നാഥ് ബെഹ്റ മനസ്സു തുറന്നത്. അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്ന് വ്യക്തമാക്കിയ ബെഹ്റ കേസ് തെളിയിക്കാന്‍ സിബിഐ മാതൃകയിലുള്ള അന്വേഷണമാണ് ആവശ്യമെന്നും വ്യക്തമാക്കി.

ഇതിനിടയില്‍ ജിഷയുടെ കൊലപാതകിയുടേത് എന്ന സംശയിക്കുന്ന രണ്ടാമത്തെ ഡിഎന്‍എ പരിശോധനാ പലവും പുറത്തു വന്നു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ ഡിഎന്‍എ ഫലം പുറത്തുവന്നത്. ജിഷയുടെ കൈവിരല്‍ നഖത്തിനടിയില്‍ നിന്നും കിട്ടിയ ത്വക്കില്‍ നിന്നും ശേഖരിച്ച ഡിഎന്‍‍എയാണ് പരിശോധനക്ക് വിധേയമാക്കിയത്. 

ഇതിനൊപ്പം വീടിന്‍റെ മുന്‍വാതിലില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളും പരിശോധനക്ക് വിധേയമാക്കി. നേരത്തെ പരിശോധനക്ക് വിധേയമാക്കിയ ഉമിനീരിലെ ഡിഎന്‍എ ഫലത്തോട് സാമമ്യുള്ളതാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഫലം. ഇത് അന്വേഷണത്തിന് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. 

എന്നാല്‍ നേരത്തെ ലഭിച്ച ഫലം പ്രതികളുടേതെന്ന് സംശയിക്കുന്നവരുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയപ്പോള്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. 

അതേ സമയം ജിഷ വധക്കേസിൽ പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി രംഗത്ത് എത്തി. നിയമാനുസൃതം രൂപീകരിച്ച അതോറ്റിയുടെ അഭിമാനം സംരക്ഷിക്കണമെന്ന് കോടതി വ്യക്തമാക്കി.അതോറിറ്റി മുൻപാകെ ഹാജരാകണമെന്ന ഉത്തരവിനെതിരെ എറണാകുളം ഐജി മഹിപാൽ യാദവ് സമർപ്പിച്ച ഹ‍ർജിയിലാണ് പരാമർശം.

ഐജി നേരിട്ട് ഹാജരായില്ലെങ്കിൽ അഭിഭാഷകൻ മുഖേനയോ രേഖാമൂലമോ അതോററ്റിക്ക് മുൻപാകെ വിശദീകരണം നൽകുന്നതിൽ എന്താണ് തടസ്സമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.ഐജിയുടേത് ഈഗോ പ്രശനമാണെന്നായിരുന്നു പോലീസ് കംപ്ലയിന്റ് അതോറ്റിയുടെ വാദം. അതോറിറ്റി അധികാര പരിധി ലംഘിക്കുകയാണെന്നായിരുന്നു ഐജിയുടെ അഭിഭാഷകന്‍റെ മറുവാദം.