പെരുമ്പാവൂര്‍: ജിഷ കൊലക്കേസിലെ മഹസ്സര്‍ സാക്ഷി സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജിഷയുടെ അയല്‍വാസിയായിരുന്നു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ സാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട കേസിലെ മഹസ്സര് സാക്ഷിയും ജിഷയുടെ അയല്‍വാസിയുമായിരുന്നു സാബു.
ഉച്ചയോടെയാണ് മുറിയ്ക്കുള്ളില്‍ സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ സാബു മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടങ്ങളില്‍ സാബുവിനെ പൊലീസ് ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് പ്രതിയായ അമിര്‍ ഉള്‍ ഇസ്ലാമിനെ പൊലീസ് കണ്ടത്തിയത്. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതായി പിന്നീട് സാബു പറഞ്ഞിരുന്നു.
കൊലപാതകം നടത്തിയശേഷം പ്രതി ആമിര്‍ ഉള്‍ ഇസ്ലാം മടങ്ങുന്നതിനിടെ ഉപേക്ഷിച്ച ചെരുപ്പ് കനാലില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ ചെരുപ്പ് കണ്ടെത്തിയതിലെ മഹസ്സര്‍ സാക്ഷിയാണ് സാബു. ഓട്ടോഡ്രൈവറാണ്. രാത്രി വൈകി എത്താറുള്ളതിനാല്‍ നേരം പുലര്‍ന്നിട്ടും മാതാപിതാക്കള്‍ ശ്രദ്ധിച്ചില്ല. ഉച്ചയായിട്ടും ബാബുവിനെ കാണാത്തതിനാല്‍ മുറിയില്‍ തട്ടിവിളിച്ചു.
അനക്കമില്ലാതിരുന്നതിനാല്‍ അയല്‍വാസികളെയും പൊലീസിനെയും വിവരമറിയിച്ചു. കുറുപ്പുംപടി പൊലീസെത്തിയാണ് വാതില്‍ തുറന്നത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്ർക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പൊസ്റ്റ്മാര്‍ട്ടത്തിനയച്ചു.
