മകളുടെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനാണെന്ന് പറയാന്‍ തന്റെ കൈയില്‍ തെളിവില്ലെന്ന് പാപ്പു പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഉന്നതരുണ്ടെന്ന് സംശയമുണ്ട്. എന്നാല്‍ ആരെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ തന്റെ പക്കല്‍ തെളിവൊന്നുമില്ല. ജിഷ തന്റെ മകള്‍ തന്നെയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ലെന്നും പാപ്പു പറഞ്ഞു.
നേരത്തെ ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് നേതാവാണെന്നും ജിഷ ഇദ്ദേഹത്തിന്റ മകളാണെന്നും കാണിച്ച് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷണ സംഘത്തിന് മുഖ്യമന്ത്രി കൈമാറി. ഇതിന് പിന്നാലെ ജിഷയുടെ അച്ഛന്റേതായി ജോമാന്‍ പുത്തന്‍പുരയ്‌ക്കലിനെതിരായ പരാതിയും പൊലീസിന് ലഭിച്ചു. എന്നാല്‍ ജോമോനെതിരെ താന്‍ പരാതി നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും പാപ്പു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഒപ്പിട്ട് നല്‍കിയപ്പോള്‍ വാര്‍ഡ് മെമ്പര്‍ ആയിരം രൂപ നല്‍കിയെന്നും പാപ്പു പറഞ്ഞു. ഇതിന് പിന്നാലെയാണ് ജിഷ തന്റെ മകളാണെന്നും കേസന്വേഷണം വഴി തെറ്റിക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ അന്വേഷിക്കണമെന്നും കാണിച്ച് പാപ്പു ഡിജിപിക്ക് ഇന്ന് പരാതി നല്‍കിയത്.