കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമിറുൾ ഇസ്ലാമിനെ നാളെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് പെരുമ്പാവൂർ കോടതിയെ സമീപിക്കും. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന പ്രതി ഇന്നലെ മുഴുവൻ ഉറക്കത്തിലായിരുന്നുവെന്ന് ജയിലധികൃതർ പറഞ്ഞു.

തിരിച്ചറിയൽ പരേഡിനു തൊട്ടുപിന്നാലെ തെളിവെടുപ്പു കൂടി പൂർത്തിയാക്കി നടപടികൾ അവസാനിപ്പിക്കാനാണു പൊലീസ് നീക്കം. തിരിച്ചറിയൽ പരേഡ് മിക്കവാറും തിങ്കളാഴ്ച ഉച്ചയോടെയാകും നടക്കുക. പ്രതിയോടു രൂപ സാദൃശ്യമുള്ള അന്യസംസ്ഥാനക്കാരടക്കം കുറച്ചാളുകളെ തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കാനായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ജിഷയുടെ വീടിനടുത്തുവച്ചു പ്രതിയെ കണ്ടെന്നു പറയപ്പെടുന്ന ആറു പേരെയാകും തിരിച്ചറിയാനായി കൊണ്ടുവരിക. പ്രതിയെന്നു സംശയിക്കുന്ന ആളെ സമീപത്തെ കാവിൽ വച്ച് കണ്ടവർ, വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നതു കണ്ട അയൽവാസികൾ, ജിഷയുടെ വീട്ടിലേക്കുള്ള വഴിയെ നടന്നുവരുന്നതു കണ്ട വ്യാപാരികൾ എന്നിവരെയെല്ലാം കാക്കനാട് ജയിലിലെത്തിക്കും. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷിബു ദാനിയലാകും മേൽനോട്ടം വഹിക്കുക.

എന്നാൽ നാളെ രാവിലെതന്നെ പെരുമ്പാവൂർ കോടതിയിൽ 15 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും. പെരുമ്പാവൂരിൽ മാത്രമല്ല അസമിലും ബംഗാളിലും തമിഴ്നാട്ടിലും കൊണ്ടുപോയി തെളിവെടുക്കണമെന്നു പൊലീസ് ആവശ്യപ്പെടും.