ഏകാന്ത തടവിലാണ് പ്രതി അമീറുല്‍ ഇസ്ലാം. കേസന്വേഷണത്തിന്റെ ഭാഗമായുള്ള തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജയില്‍ ഡോക്ടര്‍ ഇന്നലെ രണ്ട് തവണ പരിശോധിച്ചെങ്കിലും പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടില്ല.

തിരിച്ചറിയല്‍ പരേഡിന് തൊട്ടുപിന്നാലെ തെളിവെടുപ്പ് കൂടി പൂര്‍ത്തിയാക്കി നടപടികള്‍ അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. തിരിച്ചറിയല്‍ പരേഡ് മിക്കവാറും തിങ്കളാഴ്ച ഉച്ചയോടെയാകും നടക്കുക. പ്രതിയോട് രൂപസാദൃശ്യമുള്ള അന്യസംസ്ഥാനക്കാരടക്കം കുറച്ചാളുകളെ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിക്കാനായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജിഷയുടെ വീടിന് അടുത്ത് വച്ച് പ്രതിയെ കണ്ടെന്ന് പറയപ്പെടുന്ന ആറ് പേരെയാകും തിരിച്ചറിയാനായി കൊണ്ടുവരിക. പ്രതിയെന്ന് സംശയിക്കുന്ന ആളെ സമീപത്തെ കാവില്‍ വച്ച് കണ്ടവര്‍, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയല്‍വാസികള്‍, ജിഷയുടെ വീട്ടിലേക്കുള്ള വഴിയെ നടന്നുവരുന്നത് കണ്ട വ്യാപാരികള്‍ എന്നിവരെയെല്ലാം കാക്കനാട് ജയിലിലെത്തിക്കും. 

എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് ഷിബു ദാനിയലാകും മേല്‍നോട്ടം വഹിക്കുക. എന്നാല്‍ നാളെ രാവിലെ തന്നെ പെരുമ്പാവൂര്‍ കോടതിയില്‍ 15ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കും. പെരുമ്പാവൂരില്‍ മാത്രമല്ല അസമിലും ബംഗാളിലും തമിഴ്നാട്ടിലും കൊണ്ടുപോയി തെളിവെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടും.