ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കാന്‍ കഴിയുമോ എന്നതിൽ കേന്ദ്രം ഇന്ന് സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും. സിബിഐ നിലപാടിൽ പ്രഥമദൃഷ്ട്യ അപാകതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് സിബിഐ അന്വേഷിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് കഴിഞ്ഞ തവണ കേന്ദ്ര സര്‍ക്കാര്‍ കോടതിൽ പറഞ്ഞിരുന്നു. സിബിഐ അന്വേഷണം തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട പ്രത്യേകതകൾ ജിഷ്ണു കേസിന് ഇല്ലെന്നാണ് സിബിഐ നിലപാട്.

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്നറിയിച്ച് സിബിഐ സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിച്ചിരുന്നു. സിബിഐ അന്വേഷിക്കേണ്ട പ്രാധാന്യമില്ലെന്നും കേസുകളുടെ ബാഹുല്യമുണ്ടെന്നുമാണ് കത്തിൽ പറയുന്നത്. കേസേറ്റെടുക്കാനാവില്ലെന്നാണ് സുപ്രീം കോടതിയെയും സിബിഐ അറിയിച്ചത്. ജോയിൻറ് ഡയറക്ടർ നാഗേശ്വര റാവുവാണ് കത്ത് നൽകിയത്. 

തീരുമാനം എടുക്കേണ്ടത് സിബിഐ അല്ലെന്നും കേന്ദ്ര സര്‍ക്കാരാണെന്നും ഈ കേസ് കൂടുതല്‍ നീണ്ടുപോകാതെ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുമെന്ന പ്രതീക്ഷയിലാണ് ജിഷ്ണുവിന്റെ അമ്മ മഹിജ. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കേന്ദ്രം ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മഹിജ നേരത്തേ ആവശ്യപ്പെട്ടിരുന്നു.