പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താത്ത വിവരങ്ങളാണ് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ജിഷ്ണുവിന്റെ ഇരു തോളുകള്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് വ്യക്തം. മര്‍ദ്ദനമേറ്റ ഭാഗം ചതഞ്ഞ് കരിനീല നിറത്തില്‍ കാണാം. അരക്കെട്ടുകല്‍ക്കും കാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഈ പരിക്കുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.ജിഷ്ണു ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ വീട്ടുകാര്‍ തയ്യാറല്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ സംശയം പ്രകടിപ്പിക്കുന്ന കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം അട്ടിമറിച്ചുവെന്ന അമ്മയുടെ പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മുതിര്‍ന്ന ഫോറന്‍സിക് സര്‍ജ്ജന്‍മാരുണ്ടായിരുന്നിട്ടും പി ജി വിദ്യാര്‍ത്ഥിയെ പോസ്റ്റ്‌മോര്‍ട്ടം ചുമതല ഏല്‍പിച്ചത് തന്നെ ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ചിത്രീകരിച്ചിട്ടുമില്ല. ജിഷ്ണു മരിച്ച് രണ്ടാഴ്ച പിന്നീടുമ്പോഴും കേസ് അന്വേഷണവും ഇഴഞ്ഞു നീങ്ങുകയാണ്. നടന്നത് ആത്മഹത്യയാണെങ്കില്‍ പ്രേരണാകുറ്റം പോലും ആരോപണവിധേയര്‍ക്കെതിരെ ചുമത്താന്‍ പോലീസിനായിട്ടില്ല. കോളേജ്മാനേജ്‌മെന്റിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതല്ലാതെ ജിഷ്ണുവിന്റെ കുടുംബം നല്‍കിയ പരാതി പോലീസ് ഇനിയും പരിഗണിച്ചിട്ട് പോലുമില്ല.