കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജ നാളെ മുഖ്യമന്ത്രിയെ കാണില്ല. സമരം കൊണ്ട് എന്തുനേടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കൂടിക്കാഴ്ചക്കില്ലെന്ന നിലപാടില്‍ കുടുംബം എത്തിചേര്‍ന്നത്.

ജിഷ്ണുവിന്റെ കുടുംബവുമായി ചേര്‍ന്നുണ്ടാക്കിയ ഒത്ത് തീര്‍പ്പുവ്യവസ്ഥയുടെ ഭാഗമായാണ് അമ്മ മഹിജയെ കാണാന്‍ മുഖ്യമന്ത്രി തയ്യാറായത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്താമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണേണ്ടതില്ലെന്ന നിലപാടിലാണ് കുടുംബം. കേസിലെ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി ജിഷ്ണുവിന്റെ അമ്മ നടത്തിയ സമരത്തെ ചോദ്യം ചെയ്തിരുന്നു. ഇതാണ് ഇനി ചര്‍ച്ചകള്‍ക്ക് പോകേണ്ടെന്ന തീരുമാനത്തില്‍ കുടുംബത്തെ എത്തിച്ചത്. മാത്രമല്ല സഹോദരന്‍ ശ്രീജീത്തുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളും കുംടുംബത്തിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കൃത്യമായ നിലപാടുകളില്ലാത്തയാളാണ് ശ്രീജിത്തെന്നടക്കം, മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അവഹേളിക്കുന്നതായെന്നും കുംടുംബം കരുതുന്നു. സര്‍ക്കാരുമായി ചേര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് ഇനിയും ലഭ്യമാക്കാത്തതിലും ജിഷ്ണുവിന്റെ കുടുംബത്തിന് പ്രതിഷേധമുണ്ട്.