ദില്ലി: ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഉത്തരവ് കിട്ടാത്ത സാഹചര്യത്തില്‍ കേസിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സിബിഐ അറിയിച്ചു. സിബിഐ അന്തിമനിലപാട് ഉടന്‍ അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

 ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് കഴിഞ്ഞ ജൂണ്‍ 15നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇതിന് മുമ്പ് മൂന്നുതവണ കേസ് പരിഗണിച്ചപ്പോഴും കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐയുടെ അഭിപ്രായം സുപ്രീംകോടതി തേടിയിരുന്നു. എന്നാല്‍ ഇതുവരെ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം കിട്ടിയില്ലെന്നാണ് സിബിഐ ഇന്ന് സുപ്രീംകോടതിയില്‍ പറഞ്ഞത്.

സര്‍ക്കാര്‍ വിജ്ഞാപനം കിട്ടാത്തതുകൊണ്ട് കേസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും സിബിഐയുടെ അഭിഭാഷകന്‍ കോടതിയെ പറഞ്ഞു. സിബിഐയുടെ മറുപടി ഇതാണെങ്കില്‍ തങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് കോടതി മറുപടി നല്‍കി. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുമ്പ് സിബിഐ അന്തിമ നിലപാട് അറിയിച്ചില്ലെങ്കില്‍ കേസില്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കുമെന്ന് പിന്നീട് കോടതി വ്യക്തമാക്കി. കേസ് അന്തിമ വാദത്തിനായി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. കേസ് സിബിഐക്ക് പോകാതിരിക്കാന്‍ ചിലര്‍ കളിക്കുന്നുണ്ടെന്നായിരുന്നു ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജ പ്രതികരിച്ചത്.

ജിഷ്ണുപ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് നല്‍കിയ അപേക്ഷയിലാണ് കോടതി വ്യാഴാഴ്ച വാദം കേള്‍ക്കുക. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു നേരത്തെയുള്ള കോടതി ഉത്തരവ്. ഒപ്പം കേസിലെ കേസിലെ അന്വേഷണ പുരോഗതിയും പരിശോധിക്കും.