കോഴിക്കോട്: ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി കുടുംബ ശ്രീ പ്രവര്‍ത്തകരും അയല്‍വാസികളും സമരം നടത്തും. വളയത്തെ വീട്ടില്‍ അവിഷ്ണയുടെ സമരം രണ്ടാം ദിവസവും തുടരുകയാണ്.
സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനായി അവിഷ്ണ നയിക്കുന്ന ഉപവാസ സമരത്തിന് പിന്‍തുണ നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം. അമ്മ മഹിജയും അച്ഛന്‍ അശോകനും അടുത്ത ബന്ധുക്കളും തിരുവന്തപുരത്ത് ആയതിനാല്‍ വളയത്തെ വീട്ടില്‍ തന്നെ പ്രദേശവാസികള്‍ സമരം ഇരിക്കും. ബന്ധുക്കളും അയല്‍വാസികളുമായ പത്ത് പേരാണ് ആദ്യഘട്ടത്തില്‍ ഉപവാസമിരിക്കുക. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തുടര്‍ നടപടികള്‍ക്ക് ബന്ധുക്കളടക്കം അഞ്ചു പേര്‍ കൂടി തിരുവനന്തപുരത്തേക്ക് തിരിച്ചിരിട്ടുണ്ട്. മഹിജക്ക് നേരെയുള്ള പൊലീസ് നടപടിയില്‍ നാട്ടുകാര്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്. വളയത്ത് നടന്ന ബഹുജന റാലിയിലും ഇത് പ്രതിഫലിച്ചിരുന്നു. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് പൊലീസ് സന്നാഹവും വളയത്തുണ്ട്. സി പി എം ശക്തി കേന്ദ്രമായ മേഖലയില്‍ സര്‍ക്കാരിനെതിരെയുള്ള സമരം പ്രാദേശിക തലത്തില്‍ പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
