പണത്തിനോ അതോ നീതിക്കോ വില? ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കില്‍ നിറകണ്ണുകളോടെ ഈ ചോദ്യം ചോദിച്ചിട്ട് ആഴ്ചയൊന്നു തികഞ്ഞില്ല. മഹിജയുടെ ഈ ഉള്ളലയ്ക്കുന്ന ചോദ്യത്തിന്‍റെ വിങ്ങലടങ്ങും മുമ്പേ നീതിയല്ല വലുതെന്ന് പൊലീസും സര്‍ക്കാരും ഒരിക്കല്‍ കൂടി തെളിയിച്ചു.
ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു പോയിന്‍റ് ബ്ലാങ്കില്‍ ജിമ്മി ജെയിംസ് നടത്തിയ ആ അഭിമുഖം. നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന്‍റെ പണത്തിനു മീതെ ഓരോ കാര്യങ്ങളും തേച്ചുമായ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതിന്‍റെ മനോവേദനയിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്നും മഹിജ തുറന്നു പറഞ്ഞിരുന്നു. ആദ്യം തന്നെ കേസ് അട്ടിമറിച്ചു. മുഖ്യമന്ത്രിക്ക് ആദ്യം കത്തുകള്‍ അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിക്കാത്തതുകൊണ്ടാണ് തുറന്ന കത്ത് എഴുതിയതെന്നും മഹിജ പറഞ്ഞു.
ജിഷ്ണു ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവനെ അവര്‍ തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണ്. ഇനിയൊരു ജിഷ്ണു പ്രണോയി ഉണ്ടാവരുത്. ഒരമ്മയ്ക്കും ഈ ഗതി വരരുത്. ഇനിയുള്ള മക്കള്‍ക്കെങ്കിലും ഈ ഗതി വരരുത്. എനിക്ക് ഒരു പേടിയുമില്ല. എന്‍റെ പകുതി ഹൃദയവും പോയി. മകനു നീതി ലഭിക്കാന്‍ ഏതറ്റം വരെയു പോകും. കൃഷ്ണദാസിനെതിരെ ജീവനുള്ള കാലത്തോളം പോരാടും. മഹിജയുടെ വാക്കുകളുടെ പൂര്‍ണ രൂപം.

