ഒരു പാര്‍ട്ടി കുടുംബത്തിന് പോലും മുഖ്യമന്ത്രിയില്‍ നിന്ന് നീതി കിട്ടുന്നില്ലെന്ന അമര്‍ഷമാണ് ജിഷ്ണുവിന്റെ അമ്മ കത്തിലൂടെ പ്രകടിപ്പിക്കുന്നത്. മരണം നടന്ന് 24 ദിവസമായിട്ടും യതൊരന്വേഷണവും മുഖ്യമന്ത്രി ജിഷ്ണുവിന്റെ കുടുംബത്തോട് നടത്തിയിട്ടില്ല. വീടിന് തൊട്ടടുത്തുള്ള വേദിയില്‍ വന്ന് മടങ്ങിയിട്ടുപോലും ചാവുകിടക്കയില്‍ കഴിയുന്ന തന്നെ മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും ജിഷ്ണുവിന്റെ അമ്മ പരിഭവിക്കുന്നു.
കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയെ കുറിച്ചും ജിഷ്ണുവിന്റെ മരണം ആത്മഹത്യയാക്കാനുള്ള മാനേജ്‌മെന്റിന്റെ ശ്രമത്തേയും കത്തില്‍ വീണ്ടും ചൂണ്ടിക്കാട്ടുന്നുണ്ട്. ചെഗുവേരക്കൊപ്പം തന്റെ മകന്‍ നേതാവായി കണ്ട പിണറായി വിജയന്‍ ഇനിയും നിരാശപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചാണ് ഒരു പഴയ എസ്എഫ്‌ഐക്കാരിയെന്ന് സ്വയം പരിചയപ്പെടുത്തി ജിഷ്ണുവിന്റെ അമ്മ മഹിജ കത്ത് അവസാനിപ്പിക്കുന്നത്.
കത്ത് കൊള്ളേണ്ടിടത്ത് കൊണ്ടെന്ന വിധം മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നാലെ പ്രസ്താവനയിറക്കി. ജിഷ്ണുവിന്റെ അമ്മ നല്‍കിയ പരാതിയുടെ പുരോഗതി ഇതുവരെ വ്യക്തമാക്കാതിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, അന്വേഷണം ഉര്‍ജ്ജിതപ്പടുത്തി നടപടി സ്വീകരിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ പോലീസ് മോധാവിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നതായും, ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായമായി സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കിയെന്ന കാര്യവും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ചശേഷം പോലീസു മേധാവി പരാതിക്കാരിക്കു മറുപടി നല്‍കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇതിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതും അപമാനിച്ചതും അടക്കം ഉള്ള പരാതികളില്‍ മാനേജ്മന്റിനെതിരെ നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി.
ചേലക്കര സിഐ വിജയകുമാരന്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ലോ അക്കാദമി സമരം ചൂടുപിടിച്ചതോടെ നെഹ്‌റു കോളേജിനെതിരായ നടപടികളില്‍ നിന്ന് സര്‍ക്കാരിന്റെ ശ്രദ്ധ തിരിഞ്ഞിരുന്നു. ജിഷ്ണുവിന്റെ അമ്മയുടെ കത്തോടെ വിഷയം വീണ്ടും സജീവമാകുകയാണ്.
