തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മയും അച്ഛനും കുടുംബാംഗങ്ങളും സെക്രട്ടറിയേറ്റില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും ഇതില്‍ സംതൃപ്തിയുണ്ടെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.

ജിഷ്ണു പ്രണോയ് മരിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നത്. പിണറായി വിജയന്‍ വീട് സന്ദര്‍ശിക്കാത്തത് അടക്കം പ്രതിഷേധമറിയിച്ചിരുന്ന അമ്മ മഹിജയും അച്ഛന് അശോകനും കുടുംബാംഗങ്ങളും ഇന്ന് സെക്രട്ടറിയേറ്റില്‍ എത്തി നേരിട്ട് നിവേദനം നല്‍കുകായിരുന്നു. ഒന്നാം പ്രതി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പടെ അഞ്ച് ആവശ്യങ്ങളാണ് കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചത്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കൊള്ളരുതായ്മകളുടെ തുറന്നുകാട്ടലാണ് ജിഷ്ണവുന്റെ ദാരുണ അന്ത്യത്തെ തുടര്‍ന്ന് ഉണ്ടായതെന്നും കുറ്റക്കാര്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടി എടുക്കുമെന്നും കൂടിക്കാഴ്ചയ്‌ക്കുശേഷം മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തലസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ വിവിധ രാഷ്‌ട്രീയ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയിലും പങ്കെടുത്തു.