പരവൂര്‍: മകനെ കൊന്ന കേസില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ ജയമോളെ പരവൂര്‍ ഒന്നാം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി.കോടതി മുറിയില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീണ ജയമോളെ അല്‍പസമയത്തിന്‌ ശേഷമാണ്‌ കോടതി മുറിയിലേക്ക്‌ എത്തിച്ചത്‌. 14 വയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയ മോളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നാളെ ഇവരെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നല്‍കും.

മകനെ കൊന്നത്‌ താന്‍ തന്നെയാണെന്നും ഒറ്റയ്‌ക്കാണ്‌ കൃത്യം നിര്‍വഹിച്ചതെന്നും ജയമോള്‍ കോടിതിയില്‍ മൊഴി നല്‍കി. പോലീസ്‌ മര്‍ദ്ദിച്ചോ എന്ന്‌ കോടതി ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നും എന്നാല്‍ ഇതില്‍ പരാതിയിലെന്നുമായിരുന്നു ജയമോളുടെ മറുപടി. പോലീസ്‌ ഏഴ്‌ തവണ കാലിന്റെ വെള്ളയില്‍ അടിച്ചെന്നായിരുന്നു ജയമോളുടെ മൊഴി. ഇതേ തുടര്‍ന്ന്‌ പോലീസിനെ കോടതി ശകാരിക്കുകയും ജയമോളെ വീണ്ടും മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു.

അതേസമയം സ്വത്ത്‌ തര്‍ക്കത്തെ തുടര്‍ന്നാണ്‌ മകനെ കൊന്നതെന്ന ജയമോളുടെ മൊഴി പോലീസ്‌ ഇനിയും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൊലപാതകത്തിന്‌ പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി മുഴുവന്‍ ബന്ധുക്കളേയും ചോദ്യം ചെയ്യാനാണ്‌ പോലീസിന്റെ തീരുമാനം.

കൊലപാതകത്തെക്കുറിച്ച്‌ മറ്റാര്‍ക്കെങ്കിലും അറിവുണ്ടായിരുന്നുവോ എന്നകാര്യവും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. അന്വേഷണം വളച്ചൊടിക്കാനാണ്‌ സ്വത്ത്‌തര്‍ക്കമുള്ളതായി ജയമോള്‍ പറയുന്നതെന്ന്‌ ജിത്തുവിന്റെ മുത്തശ്ശന്‍ ഏഷ്യനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു.