കൊല്ലം: കൊല്ലത്ത് പതിനാല് വയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ചു.അമ്മയില്‍ മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നാണ് ആരോപണം. ലോക്കല്‍ പൊലീസിനെ ഒഴിവാക്കി കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ആവശ്യമുണ്ട്.

14 വയസുകാരൻ ജിത്തുജോബിന്‍റെ കൊലപാതകത്തില്‍ അമ്മ ജയമോള്‍ കുറ്റസമ്മതം നടത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. സ്വത്ത് തര്‍ക്കമാണെന്ന് പൊലീസും ജിത്തുവിന്‍റെ ബന്ധുക്കളും ഉറപ്പിച്ച് പറയുമ്പോഴും നാട്ടുകാര്‍ക്ക് അത് വിശ്വസിക്കാനാകുന്നില്ല. ഇത് ജിത്തുവിന്‍റെ അച്ഛന് കുടുംബ ഓഹരിയായി 70 സെന്‍റ് അദ്ദേഹത്തിന്‍റെ അച്ഛൻ ജോണിക്കുട്ടി രജിസ്റ്റര്‍ ചെയ്ത് കൊടുത്ത ആധാരത്തിന്‍റെ പകര്‍പ്പാണ്. അതിനാല്‍ സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പൊലീസിന്‍റെ വിലയിരുത്തില്‍ വിശ്വസിക്കാനാകില്ലെന്ന് കര്‍മ്മസമിതി പറയുന്നു.

വൈകീട്ട് ആറ് മണിക്ക് അപ്പൂപ്പന്‍റെ വീട്ടില്‍ നിന്നെത്തിയ ജിത്തുവിനെ കൊന്നശേഷം മൃതദേഹം കത്തിച്ച് അഞ്ഞൂറ് മീറ്ററിനപ്പുറം കൊണ്ടിട്ടത് ജയ ഒറ്റക്കാണെന്നാണ് പൊലീസ് കണ്ടെത്തല്‍. എട്ട് മണിക്ക് അച്ഛൻ ജോബ് വീട്ടിലെത്തുമ്പോള്‍ എല്ലാ തെളിവുകളും ഇല്ലാതായത് എങ്ങനെയെന്നും സംശയമുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ ജയമോള്‍ സാധിക്കുമോ എന്ന സംശയത്തിനും പൊലീസിന് മറുപടി ഇല്ല
ജയമോള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന ബന്ധുക്കള്‍ പറയുന്നത് വിശ്വസിക്കാനാകില്ലെന്നും നാട്ടുകാര്‍ പറയുന്നു.