ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍  ദി യുണൈറ്റഡ് ലെഫ്റ്റ് (ഐസ - എസ്എഫ്ഐ സഖ്യം) മുന്നേറുന്നു. ചെറിയ ഡിപ്പാര്‍ട്ട്‌മെന്‍റിലെ ഫലങ്ങളാണ് ആദ്യം വന്നിരിക്കുന്നത്. അവിടെ മൊത്തം 1134 വോട്ടുകളാണ് പോള്‍ ചെയ്തത്. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് എസ്തറ്റിക്‌സില്‍ ഇടത് സഖ്യത്തിന്‍റെ കൗണ്‍സിലറാണ് വിജയിച്ചിരിക്കുന്നത്. 

സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണേഴ്‌സ് സ്റ്റഡീസില്‍ ഇടതു പിന്തുണയോടുകൂടിയുള്ള സ്വാതന്ത്ര പ്രതിനിധി വിജയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എബിവിപിയുടെ കുത്തകയായ സംസ്‌കൃത പഠന വകുപ്പില്‍ ഇത്തവണയും അവര്‍ തന്നെ വിജയിച്ചു. സയന്‍സ് വിഭാഗങ്ങളായ ലൈഫ് സയന്‍സ്, എന്‍വയോണ്‍മെന്റെ് സയന്‍സ്, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റെര്‍ഗേറ്റീവ് സയന്‍സ്, ബയോടെക്‌നോളജി തുടങ്ങിയവയില്‍ സ്വാതന്ത്ര പ്രതിനിധികളാണ് ജയിച്ചിരിക്കുന്നത്. 

സയന്‍സ് വിഭാഗങ്ങള്‍ എബിവിപിയുടെ സ്വാധീന മേഖലയായിരുന്നു. പക്ഷെ ഇത്തവണ അവര്‍ക്ക് അടിപതറി. ഭാഷ, സാഹിത്യം,സാംസ്‌കാരികം തുടങ്ങിയ പഠന വിഭാഗത്തില്‍ അഞ്ച് കൌണ്‍സിലര്‍ സ്ഥാനങ്ങളില്‍ യുണൈറ്റഡ് ലെഫ്റ്റ് മുന്നേറുന്നു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, അഞ്ചില്‍ നാലിടത്തും മുന്നേറുന്നത് യുണൈറ്റഡ് ലെഫ്റ്റാണ്.

അതേ സമയം ദില്ലി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനായ എബിവിപിക്ക് ആധിപത്യം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ജോയിന്‍ സെക്രട്ടറി സ്ഥാനം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐ നേടി. എബിവിപിയുടെ അമിത് തന്‍വാര്‍ പ്രസിഡന്റ് സ്ഥാനത്തേക്കും അങ്കിത് ചൗഹാന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. എന്‍എസ്‌യുഐയുടെ മോഹിത് സാംഗ്വാനാണ് ജോയിന്റ് സെക്രട്ടറി.