ആകെ 77 പേരാണ് സാക്ഷി പട്ടികയിലുള്ളത്. ഇതിൽ 14 പേർ വിദ്യാർത്ഥികളാണ്. 24 പൊലീസുകാർ, വാർത്താ ചാനലായ സീ ന്യൂസിലെ റിപ്പോർട്ടറകം നാല് പേർ, കോളേജിലെ സുരക്ഷാ ജീവനക്കാർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിങ്ങനെയാണ് സാക്ഷിപട്ടികയിലുള്ളത്    

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസിൽ സാക്ഷികളായി ഉൾപ്പെടുത്തിയിട്ടുള്ള 12 വിദ്യാർത്ഥികൾ എബിബിപിയുമായി ബന്ധമുള്ളവരാണെന്ന് റിപ്പോർട്ട്. ആകെ 77 പേരാണ് സാക്ഷി പട്ടികയിലുള്ളത്. ഇതിൽ 14 പേർ വിദ്യാർത്ഥികളാണ്.

24 പൊലീസുകാർ, വാർത്താ ചാനലായ സീ ന്യൂസിലെ റിപ്പോർട്ടറകം നാല് പേർ, കോളേജിലെ സുരക്ഷാ ജീവനക്കാർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിങ്ങനെയാണ് സാക്ഷിപട്ടികയിലുള്ളത്.

സന്ദീപ് കുമാർ (എബിവിപി മുൻ ജെഎൻയു യൂണിറ്റ് സെക്രട്ടറി-), ഓംകാർ ശ്രീവാസ്തവ (എബിവിപി സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ), അലോക് കുമാർ സിംഗ് (എബിവിപി റിസർച്ച് വിംഗ്സിന്റെ ഇപ്പോഴത്തെ ദേശീയ കൺവീനർ), സൗരഭ് ശർമ്മ (എബിവിപി മുൻ ജെഎൻയു എസ് യു ജോയിന്റ് സെക്രട്ടറി), ആങ്കൂർ ആര്യൻ (എബിവിപി മുൻ ജെഎൻയു യൂണിറ്റ് ഓഫീസ് സെക്രട്ടറി), പ്രിയദർശി (എബിവിപി മുൻ ജെഎൻയു യൂണിറ്റ് ജോയിന്റ് സെക്രട്ടറി), അണിമ സോങ്കാർ (എബിവിപി ദില്ലി സംസ്ഥാന ജോയിന്റ് സെക്രട്ടറി), സുകുന്ത് ആര്യ ( മുൻ ജെഎൻയു യൂണിറ്റ് ജോയിന്റ് സെക്രട്ടറി), ബിനിത് ലാൽ (മുൻ ജെഎൻയു യൂണിറ്റ് വൈസ് പ്രസിഡന്റ്), ശ്രുതി അഗ്നിഹോത്രി (എബിവിപി എക്സിക്യൂട്ടീവ് മെമ്പർ), രാം നയൻ വർമ (സ്കൂൾ ഓഫ് കംപ്യൂട്ടേഷണൽ ആൻഡ് ഇന്റഗ്രേറ്റീവ് സയൻസസിലെ നിലവിലെ കൗൺസിലർ) തുടങ്ങിയവരാണ് ദില്ലി പൊലീസിന്റെ കുറ്റപത്രത്തിൽ ചേർത്തിട്ടുള്ള 14 വിദ്യാർത്ഥികളിൽ 12 പേർ.

അഖിലേഷ് പതക്, ആനന്ദ് കുമാർ എന്നിവർ എബിവിപി പ്രവർത്തകർ അല്ലെങ്കിലും അവർ എബിവിപിയെ പിന്തുണയ്ക്കുന്നവരാണെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ജെഎൻയുവിലെ മുൻ വിദ്യാർത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാർ ഉൾപ്പടെ പത്ത് പേർക്കെതിരേയാണ് ദില്ലി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച ഇവർക്കെതിരെ ദില്ലി പൊലീസ് പട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ ദില്ലി പൊലീസ് സമർ‍പ്പിച്ചത്. എന്നാൽ, സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ച് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത്ത് കുറ്റപത്രം തള്ളി.
 ‌
ജെഎൻയുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യകുമാര്‍, ഉമർ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്സൽ ഗുരു. 

വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകള്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് ദില്ലി സര്‍ക്കാര്‍ കണ്ടെത്തുകയും ചാനലുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ദില്ലി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. 2017 മാർച്ചിൽ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ദില്ലി പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കിയിരുന്നു. കുറ്റപത്രത്തില്‍ കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പറയുന്നില്ല. എന്നാല്‍, അന്ന് നടന്ന സംഭവങ്ങളെ തടുക്കാന്‍ കനയ്യ കുമാര്‍ ഇടപെട്ടില്ലെന്നും, കനയ്യ കുമാറിനെതിരെ ഏത് വകുപ്പാണ് ചാര്‍ത്തേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.