ഐസ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്നു നജീബ്. അടുത്തിടെ എബിവിപിക്കെതിരായ ചില പരിപാടികളില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരുമായി നജീബും കൂട്ടരും തര്‍ക്കം പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം രാത്രി എബിവിപി പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍വെച്ച് നജീബിനെ മര്‍ദ്ദിച്ചത്. ഹോസ്റ്റലിലെ മെസ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. വിക്രാന്ത് എന്ന എബിവിപി പ്രവര്‍ത്തകന്‍ നജീബിന്റെ മുറിയിലെത്തി വഴക്കുണ്ടാക്കുകയും, പിന്നീട് മറ്റുള്ളവരെ വിളിച്ചുവരുത്തി, നജീബിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെ പറയുന്നു. ഹോസ്റ്റല്‍ വാര്‍ഡനും ഈ മര്‍ദ്ദനത്തിന് സാക്ഷിയായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഈ സംഭവത്തിനുശേഷം നജീബിനെ ആരും കണ്ടിട്ടില്ല. മൊബൈലില്‍ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. നജീബിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളും സഹപാഠികളും പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും എടുത്തില്ലെന്നും ആക്ഷേപമുണ്ട്. നജീബിനെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്നലെ രാത്രി കാംപസില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ വിഷയത്തിന് വര്‍ഗീയനിറം ചാര്‍ത്താനുള്ള ശ്രമം നടക്കുന്നതായി എബിവിപി ആരോപിച്ചു. ഇരുന്നൂറോളം പേര്‍ ചേര്‍ന്ന് നജീബിനെ മര്‍ദ്ദിച്ചുവെന്നത് വാസ്‌തവവിരുദ്ധമാണ് നജീബിനെ കണ്ടെത്താന്‍ പൊലീസ് നടപടിയെടുക്കണമെന്നും എബിവിപി വക്താക്കള്‍ അറിയിച്ചു.