കർശനമായ പരിശോധന തുടരുമ്പോഴും, ഖത്തറിൽ തൊഴിൽ നിയമത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളുടെഎണ്ണം കൂടുന്നതായി റിപ്പോർട്ട് . തൊഴിലിടങ്ങളിൽ ജൂലായ് 15 വരെ ഉച്ച വിശ്രമം നടപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും , ചില കന്പനികൾ തൊഴിലാളികളെ നിർബന്ധിച്ചു ജോലി ചെയ്യിക്കുന്നതായി കണ്ടെത്തി.

ഉച്ച വിശ്രമം ഉൾപ്പെടെ നിർമാണ കമ്പനികൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കർശന പരിശോധനകൾ തുടരുന്നതിനിടെയാണ് ചില കമ്പനികൾ പരസ്യമായി നിയമം ലംഘിക്കുന്നത്. തൊഴിലാളികൾക്ക് നൽകുന്ന സുരക്ഷയും ആനുകൂല്യങ്ങളും പരിഗണിച്ചാണ് ഒരു കമ്പനിക്ക് നിർമാണ കരാർ നൽകുന്നത്. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തിയതായി മുൻ കാലങ്ങളിൽ കണ്ടെത്തിയ കമ്പനികൾക്ക് കരാറുകൾ ലഭിക്കില്ല .നിലവിലെ ഉത്തരവനുസരിച്ച് ജൂൺ 15 മുതൽ ജൂലായ് 15 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെ നിർബന്ധമായും ഉച്ച വിശ്രമം അനുവദിച്ചിരിക്കണം. റമദാനും കടുത്ത ചൂടും ഒരുമിച്ചു വന്നതോടെ ജോലി സമയം ആറു മണിക്കൂറാക്കി കുറച്ചും അധിക ജോലി സമയം രണ്ടു മണിക്കൂറാക്കി നിജപ്പെടുത്തിയും തൊഴിൽ സാമൂഹ്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്ന ദിവസം തന്നെ നിരവധി കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം കമ്പനികൾ അടച്ചുപൂട്ടൽ ഉൾപ്പെടെ കടുത്ത നടപടികളാണ് നേരിടുന്നത്. അതേസമയം ചില പ്രമുഖ കമ്പനികൾ നോമ്പെടുക്കുന്നവർ ഭാരിച്ച ജോലികൾ ചെയ്യരുതെന്ന് തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജോലി ഭാരം കുറക്കുന്നതിനായി നോമ്പെടുക്കാത്ത തൊഴിലാളികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ചില കമ്പനികൾ ജോലി നൽകുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി നൽകുന്നത് കൊണ്ടു ഒരു വിഭാഗം ജോലി ചെയ്യുമ്പോൾ മറ്റൊരു വിഭാഗം തൊഴിലാളികൾക്ക് വിശ്രമിക്കാൻ കഴിയും. എന്തായാലും നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികളെ കണ്ടെത്താൻ രാജ്യമെങ്ങും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.