മുംബൈ കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം ആയുർവേദ തെറാപ്പിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് വൻ ശമ്പളം വാഗ്ദാനം നിരവധി പേർ തട്ടിപ്പിനിരയായി.
മുംബൈ: മുംബൈയിൽ ആയുർവേദ തെറാപ്പിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പടെയുള്ള ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കിയതായി പരാതി. സമൂഹ മാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പുണെയിൽ പ്രവർത്തിക്കുന്ന ഹയാത്ത് ഹോട്ടലിൽ ആയുർവേദ തെറാപ്പിസ്റ്റുകളെ ആവിശ്യമുണ്ടെന്ന് കാണിച്ച് ആദ്യം നവ മാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
സന്ദേശത്തിൽ കാണുന്ന നമ്പറിൽ വിളിക്കുമ്പോൾ ആര്യൻ മേനോന്‍ എന്ന് പരിചയപ്പെടുത്തന്ന വ്യക്തി ഉദ്യോഗാർത്ഥിക്ക് ജോലി ഉറപ്പ് നൽകും.. 25000 രൂപ ശമ്പളവും വാഗ്ദാനം ചെയ്യും. ശേഷം അപേക്ഷിക്കാനും , യാത്രാ ചെലവിനുമായി 3000 രൂപ ആവശ്യപ്പെടും. കാസർകോട് ആക്സിസ് ബാങ്കിൽ ഷിബിൻ എന്നു പേരുള്ള ആളുടെ അക്കൗണ്ടിലേക്കാണ് പണം ട്രാൻ ഫർ ചെയ്യേണ്ടത്. പണം നൽകിയ ശേഷം പിന്നീട് ബന്ധപ്പെടുമ്പോൾ ഉടൻ വിളിക്കാം എന്ന മറുപടി മാത്രമാകും ലഭിക്കുക. ഇങ്ങനെ മലയാളികൾ ഉൾപ്പെടേ നിരവധി ഉദ്യോഗാർത്ഥികൾക്കാണ് പണം നഷ്ടമായത്.
ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊണ്ട് പരസ്യം നൽകിയിട്ടില്ലെന്ന് ഹയാത്ത് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. കാസർകോട് പൊലീസ് സ്റ്റേഷനിൽ തട്ടിപ്പിന് ഇരയായവർ പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താനാകതെ പൊലീസും ഇരുട്ടിൽ തപ്പുകയാണ്. പുതിയ ഫോൺ നമ്പറുകൾ നൽകി തട്ടിപ്പ് തുടരുന്നതിനാൽ ഇവരെ കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിക്കും, ഡി ജി പി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് തെറാപ്പിസ്റ്റുകളുടെ സംഘടനയായ റെഡി.ടു.ആർ.
