ഐടി മേഖലയില്‍ തൊഴില്‍ സുരക്ഷിതത്വമില്ലെന്നും കുടുംബത്തെക്കുറിച്ച് ആകുലനാണെന്നും ആത്മഹത്യക്കുറിപ്പെഴുതി യുവാവ് ആത്മഹത്യചെയ്തു. ആന്ധ്രാസ്വദേശിയും പൂനെയില്‍ എഞ്ചിനീയറുമായ ഗോപാല്‍കൃഷ്ണ ഗുരുപ്രസാദ്(25) ആണ് ആത്മഹത്യ ചെയ്തതെന്ന് വിമാതല്‍ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ദിലീപ് ജെയ്സിങ്കര്‍ പറഞ്ഞു. ഒപ്പോടുകൂടിയ ആത്മഹത്യക്കുറിപ്പ് ഇദ്ദേഹം താമസിച്ചിരുന്ന വിമന്‍ നഗറിലെ ഹോട്ടലില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഗോപാല്‍കൃഷ്‍ണ ഗുരുപ്രസാദ് പൂനെയില്‍ ജോലിയാരംഭിച്ച് മൂന്ന് ദിവസത്തിനുശേഷമാണ് ആത്മഹത്യ ചെയ്തത്. നഗരത്തിലെ ഐടി കമ്പനികള്‍ പിരിച്ചുവിടല്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ യൂണിയന്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് യുവാവിന്റെ ആത്മഹത്യ.

യുവാവ് നല്ല രീതിയില്‍ ജീവിതവും തൊഴിലും നയിച്ചിരുന്നയാളാണെന്നും ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയില്ലെന്നുമാണ് ബന്ധുവായ വെങ്കട്ടറാവു മൂര്‍ത്തി പ്രതികരിച്ചത്. കത്തികൊണ്ട് വലത് കൈത്തണ്ടയില്‍ 25 മുറിവുകള്‍ വരുത്തിയശേഷം നാലുനിലയുള്ള ഹോട്ടലില്‍നിന്ന് ചാടി ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ നാല് മണിയോടെ ഹോട്ടലിന്റെ മാനേജര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.