Asianet News MalayalamAsianet News Malayalam

ഇസ്രയേലിനെതിരെ പരാതി: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ പുച്ഛിച്ചു തള്ളി അമേരിക്ക

അമേരിക്കന്‍ ഭരണഘടനയേക്കാള്‍ വലുതല്ല ഞങ്ങള്‍ക്കൊന്നും. ഐസിസിയുമായി ഞങ്ങള്‍ സഹകരിക്കില്ല. അവര്‍ക്കൊരു സഹായവും നല്‍കില്ല. ഐസിസി സ്വയം തകരും. ഇതുവരെ ചെയ്ത കാര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഐസിസി ഞങ്ങള്‍ക്ക് ചത്ത പോലെ തന്നെയാണ്.... 

John Bolton threatens ICC with US sanctions
Author
Washington, First Published Sep 11, 2018, 6:33 PM IST

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ (ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട്) ആഞ്ഞടിച്ച് അമേരിക്ക. രാജ്യത്തിന്റെ പരമാധികാരത്തിനും ഭരണഘടനയ്ക്കുമെതിരെ പ്രവര്‍ത്തിക്കുകയാണ് ഐസിസി എന്നും തങ്ങളുടെ പൗരന്‍മാര്‍ക്കെതിരെ ഐസിസി നടത്തുന്ന ഏത് നീക്കവും ശക്തമായി എതിര്‍ക്കുമെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ മുന്നറിയിപ്പ് നല്‍കുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം ആരംഭിച്ചതും ഗാസയിലെ സൈനികനടപടിയുടെ പേരില്‍ ഇസ്രയേലിനെതിരെ പലസ്തീന്‍ കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് അമേരിക്ക അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ തിരിഞ്ഞത്. 

അഫ്ഗാനിസ്ഥാനിലെ രഹസ്യകേന്ദ്രങ്ങളില്‍ വച്ച് യുദ്ധതടവുകാര്‍ക്കെതിരെ മനുഷ്യത്വരഹിതമായ ശിക്ഷാമുറകളും പീഡനങ്ങളും അമേരിക്കന്‍ സൈന്യം പ്രയോഗിച്ചുവെന്നൊരു റിപ്പോര്‍ട്ട് 2016-ല്‍ ഐസിസിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതില്‍ തുടര്‍ നടപടികള്‍ സജീവമായതോടെയാണ് അമേരിക്ക ഐസിസിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അമേരിക്കന്‍ സൈനികരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ക്രൂരമായ പീഡനമുറകള്‍ യുദ്ധത്തടവുകാര്‍ക്കെതിരെ നടപ്പാക്കിയെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലുണ്ട്. 

അഫ്ഗാനിസ്ഥാനോ മറ്റേതെങ്കിലും രാജ്യമോ ആവശ്യപ്പെടാതെയാണ് ഐസിസി അമേരിക്കന്‍ സൈന്യത്തിനെതിരെ അന്വേഷണം നടത്തിയതെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ട് പറയുന്നു. ഒപ്പം ഗാസയിലെ സൈനിക നടപടികളുടെ പേരില്‍ ഇസ്രയേലിനെതിരെ അന്വേഷണം നടത്താനുള്ള പലസ്തീന്റെ നീക്കവും അമേരിക്കയെ ചൊടിപ്പിച്ചു. പലസ്തീനുമായുള്ള നയതന്ത്രബന്ധം അമേരിക്ക അവസാനിപ്പിക്കാന്‍ കാരണം തന്നെ പാലസ്തീന്‍ ഇസ്രയേലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചതാണെന്ന് ബോള്‍ട്ടിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.  

അമേരിക്കന്‍ ഭരണഘടനയേക്കാള്‍ വലുതല്ല ഞങ്ങള്‍ക്കൊന്നും. ഐസിസിയുമായി ഞങ്ങള്‍ സഹകരിക്കില്ല. അവര്‍ക്കൊരു സഹായവും നല്‍കില്ല. ഐസിസി സ്വയം തകരും. ഇതുവരെ ചെയ്ത കാര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഐസിസി ഞങ്ങള്‍ക്ക് ചത്ത പോലെ തന്നെയാണ്.... ജോണ്‍ ബോള്‍ട്ട് വാഷിംഗ്ടണില്‍ പറഞ്ഞു. 

യുദ്ധക്കുറ്റങ്ങളിലേര്‍പ്പെട്ട അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികര്‍ക്കെതിരെ നടപടികളാരംഭിച്ചതാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്‌ക്കെതിരെ അമേരിക്കയെ തിരിച്ചത്. 2002-ല്‍ ഐക്യരാഷ്ട്രസഭ രൂപം കൊടുത്ത ഉടമ്പടി അനുസരിച്ചാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിലവില്‍ വരുന്നത്. 

അമേരിക്കയും ബ്രിട്ടണുമടക്കം 123 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങള്‍ ഈ കോടതിയെ അംഗീകരിക്കുകയോ ഈ കരാറില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല. തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചില ആഫ്രിക്കന്‍ രാജ്യങ്ങളും ഐസിസി ഉടമ്പടിയില്‍നിന്നും പിന്‍വലിയുന്ന കാര്യം പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. 

അമേരിക്ക ഫസ്റ്റ്... എന്ന മുദ്രാവാക്യവുമായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം അന്താരാഷ്ട്ര ഏജന്‍സികളും സഖ്യരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അമേരിക്ക കര്‍ശനനയമാണ് സ്വീകരിച്ചിട്ടുള്ളത്. ചൈന, ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടം. യുനെസ്‌കോ അടക്കമുള്ള രാജ്യന്തര ഏജന്‍സികളില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios