ഹൈക്കമാന്റ് ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം മുന്നണിയെ ബാധിച്ചുവെന്നും ജോണി നെല്ലൂര്‍ കോഴിക്കോട് പറഞ്ഞു.

കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം പരിഹരിക്കുന്നതില്‍ സംസ്ഥാന നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നാണ് ജോണിനെല്ലൂര്‍ പറയുന്നത്. സ്ഥിതി ഇത്രത്തോളം വഷളായിട്ടും ഹൈക്കമാന്റും ഇടപെടുന്നില്ല,ഇത് ഒരു പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമല്ലെന്നും മുന്നണിയെ തന്നെ ഈ പോര് ബാധിച്ചുകഴിഞ്ഞെന്നും ജോണിനെല്ലൂര്‍ തുറന്നടിക്കുന്നു.

തന്റെ പാര്‍ട്ടിയോട് കോണ്‍ഗ്രസ് നീതികേട് കാട്ടിയിട്ടുണ്ട്. കെ എം മാണിയുടെ ആക്ഷേപങ്ങള്‍ക്ക് ചെവി കൊടുക്കണമായിരുന്നുവെന്നും ജോണിനെല്ലൂര്‍ പറയുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം മുസ്ലീംലീഗും രംഗത്തെത്തിയിരുന്നു.നിലവിലെ സാഹചര്യത്തില്‍ ഘടകക്ഷികള്‍ അതൃപ്തരാണെന്ന സൂചനയാണ് ജോണിനെല്ലൂരിന്റെ കൂടി പ്രസ്താവനയോടെ വ്യക്തമാകുന്നത്.