കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പിന്തുണയുമായി ജോയിന്‍റ് ക്രിസ്റ്റ്യൻ കൗൺസിൽ. ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്‍റെയും ജോയിന്‍റ് ക്രിസ്റ്റ്യൻ കൗൺസിലിന്‍റെയും നേതൃത്വത്തിൽ ആലുവയിൽ പ്രാർത്ഥനാ ധർണ നടത്തി.

സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ നടപടി എടുക്കരുതെന്ന ആവശ്യവുമായാണ് ജോയിന്‍റ് ക്രിസ്റ്റ്യൻ കൗൺസിലും ചർച്ച് ആക്ട് ആക്ഷൻ കൗൺസിലും സംയുക്തമായി പ്രാർത്ഥന ധർണ നടത്തിയത്. ആലുവയിലെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന് മുന്നിലാണ് പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചത്.

കന്യാസ്ത്രീകളുടെ പ്രശ്നത്തിൽ ഇടപെട്ടതിന് സിസ്റ്റർ ലൂസിയെ കുറ്റപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിൽ വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതും കവിതസമാഹാരം പുറത്തിറക്കുന്നതും കുറ്റമാകുന്നതെങ്ങനെയെന്നും ജോയിന്റ് കിസ്റ്റ്യൻ കൗൺസിൽ ചോദിച്ചു.

സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ലേഖനം വന്ന പത്രം പ്രാർത്ഥന സമരത്തിന് എത്തിയവർ കത്തിച്ചു. സിസ്റ്റർ ലൂസിക്കെതിരെ നടപടിയുണ്ടായാൽ സമരവുമായി മുന്നോട്ട് നീങ്ങാനാണ് ഇരുസംഘടനകളുടേയും തീരുമാനം.