ഫലൂജയും റമാദിയും തിക്രിത്തും ഐ.എസ് ഭീകരരില്‍ തിരിച്ച് പിടിച്ച ഇറാഖി സേന മൊസൂളിനായുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഐ.എസ് ഭീകരരുടെ ശക്തി കേന്ദ്രമായ മൊസൂള്‍ പിടിക്കാനായി 30,000 സൈനികരെയാണ് ഇറാഖ് നിയോഗിച്ചിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും അടക്കമുള്ളവരുടെ സഹായവും ഇറാഖിനുണ്ട്. മൊസൂളിന് അഞ്ച് കിലോമീറ്റര്‍ അടുത്തെത്തിയെന്ന് സേന അവകാശപ്പെടുന്നു. അതേസമയം മൊസൂളിന്റെ വടക്ക് കിഴക്കുള്ള ബഷീക്ക നഗരം പിടിച്ചെടുത്തതായി കുര്‍ദ് പോരാളികള്‍ അവകാശപ്പെട്ടു. നിരവധി ഭീകരരെ വധിച്ചതായും അവര്‍ക്ക് ഭക്ഷണവും ആയുധങ്ങളും എത്താനുള്ള വഴി അടച്ചതായും കുര്‍ദ്ദ് സേനാ കമാന്റര്‍പറഞ്ഞു.

അതിനിടെ ഇര്‍ബില്‍ കുര്‍ദിഷ് സൈനിക മേധാവികളെ സന്ദര്‍ശിച്ച യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍, സേന നടത്തിയ മുന്നേറ്റത്തെ അഭിനന്ദിച്ചു. ഭീകരരെ തുരത്താന്‍ കൂടുതല്‍ സഹായവും യു.എസ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഭീകരര്‍ക്കെതിരെ ആക്രമണം ആരംഭിച്ചതായി തുര്‍ക്കി അറിയിച്ചു. കുര്‍ദ് സേനയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ആക്രമണം ആരംഭിച്ചതെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി പറഞ്ഞു. നേരത്തെ ആക്രമണത്തില്‍ പങ്കുചേരാമെന്ന തുര്‍ക്കിയുടെ വാഗ്ദാനം ഇറാഖ് പ്രസിഡന്‍റ് ഹൈദര്‍ അല്‍ അബാദി നിരസിച്ചിരുന്നു.