ദോഹ: അനുരഞ്ജന ശ്രമങ്ങള്‍ക്കിടെ ഖത്തറിനെതിരെ സൗദി അടക്കമുള്ള അറബ് രാഷ്‌ട്രങ്ങള്‍ നിലപാട് കടുപ്പിച്ചു. ഖത്തറുമായി ബന്ധമുള്ളതും തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതുമായ വ്യക്തികളുടയെും സ്ഥാപനങ്ങളുടെയും പട്ടിക അറബ് രാഷ്‌ട്രങ്ങള്‍ ഇന്ന് സംയുക്തമായി പുറത്തുവിട്ടു. മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് യൂസഫ് അല്‍ ഖറദാവി ഉള്‍പ്പെടെ അന്‍പതോളം പേരാണ് പട്ടികയിലുള്ളത്.

ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘടനകള്‍, പ്രമുഖ വ്യവസായികള്‍, മുന്‍ ആഭ്യന്തരമന്ത്രി, രാജകുടുംബാംഗങ്ങള്‍, നേതാക്കള്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ട്. മൂന്ന് കുവൈത്ത് പൗരന്‍മാരും ആറ് ബഹ്‌റൈന്‍ സ്വദേശികളും 26 ഈജിപത് പൗരന്‍മാരുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് ഖത്തര്‍ വഴങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. രാജ്യത്തിന്റെ വിദേശ നയം സംബന്ധിച്ച് സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.