ഒറിബേയുടെ പെനാല്‍റ്റി തടുത്തത് പിക്ക്ഫോര്‍ഡിന്‍റെ പ്രതികാരം കൂടിയായിരുന്നു
മോസ്കോ: വിമർശിച്ചവർക്കുളള മറുപടിയാണ് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് ലോകകപ്പ് പ്രീക്വാര്ട്ടറില് നൽകിയത്. പെനാൽറ്റി തടുക്കാൻ നടത്തിയ മുന്നൊരുക്കങ്ങളാണ് തന്നെ തുണച്ചതെന്ന് പിക്ഫോർഡ് പറയുന്നു. കൊളംബിയയുടെ ഒറിബേയുടെ പെനാല്റ്റി തടുത്ത് ജോര്ദാന് പിക്ക്ഫോര്ഡ് ചരിത്രമെഴുതിയപ്പോള് ബിബിസി റേഡിയോ അവതാരകന് ജെറമി വൈന് പറഞ്ഞത് ശ്രദ്ധേയമാണ്.
'ഇയാളുടെ ഇടംകൈ ബ്രെക്സിറ്റില് തൊട്ടിരുന്നെങ്കില് ഇംഗ്ലണ്ടിന്റെ യുറോപ്യന് യൂണിയന് പ്രശ്നങ്ങളെല്ലാം തീര്ന്നേനെ'. പിക്ക്ഫോര്ഡ് ഇംഗ്ലീഷുകാര്ക്കിപ്പോള് അവരുടെ വിധിമാറ്റിയ നായകനാണ്. യോദ്ധാക്കള്ക്ക് നല്കുന്ന നൈറ്റ്ഹുഡ് പദവിക്ക് അര്ഹനെന്ന് ആരാധകര്. ഇംഗ്ലണ്ടിന് വേണ്ടി പിക്ക്ഫോര്ഡിന്റെ ഏഴാമത്തെ മാത്രം മത്സരമായിരുന്നു ലോകകപ്പ് പ്രീ ക്വാര്ട്ടറിലേത്. വാഴ്ത്തപ്പെടുമ്പോള് പിക്ക്ഫോര്ഡിനിത് ചില വിമര്ശനങ്ങള്ക്കുളള മറുപടിയാണ്.
മുന് ആഴ്സണല് പരിശീലകന് ആര്സണ് വെംഗര് ഉള്പ്പെടെയുളളവര് മുന്പ് പിക്ഫോര്ഡിനെ വിമര്ശിച്ച് രംഗത്തെത്തിയിരുന്നു. ഈ ലോകകപ്പില് ഇംഗ്ലണ്ടിന്റെ ദൗര്ബല്യം ഗോള് കീപ്പറായിരിക്കുമെന്നാണ് വെംഗര് വിലയിരുത്തിയത്. പരിചയസമ്പന്നനായ ജോ ഹര്ട്ടിനെ വെട്ടി പിക്ക്ഫോഡിനെ ടീമിലെടുത്തതിനെ അദ്ദേഹം വിമര്ശിച്ചു. എന്നാല് ഇംഗ്ലണ്ട് വലിയ വില കൊടുക്കേണ്ടിവരുമെന്ന വിമര്ശനങ്ങള്ക്ക് വിലയേറിയ പ്രതിഫലം കൊടുത്തു പിക്ഫോര്ഡ്.
2017 ഓഗസ്റ്റിലാണ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് പിക് ഫോര്ഡ് എത്തുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലൂടെ ഗാരത് സൗത്ഗേറ്റിന്റെ വിശ്വസ്തനായി. പരിക്ക് മൂലം പുറത്തായെങ്കിലും ലോകകപ്പ് ടീമില് പിക്ക്ഫോര്ഡിനെ സൗത്ത്ഗേറ്റ് ഉള്പ്പെടുത്തുകയായിരുന്നു. ഒന്നാം നമ്പര് ഗോള്കീപ്പറാക്കിയ പരിശീലകന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കാനും താരത്തിനായി.
