ബന്ധു നിയമനവിവാദം കത്തിപ്പടരുന്നതിനിടെയാണ് സിപിഎമ്മിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക നിയമനമാണ് എം സി ജോസഫൈനെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടേയും ജില്ലയിലേതടക്കം ചില പ്രധാന നേതാക്കളുടെ അടുപ്പക്കാര്‍ സര്‍ക്കാര്‍ അഭിഭാഷക പട്ടികയില്‍ കടന്നുകൂടിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്കുമുമ്പ് എറണാകുളത്ത് സിപിഐഎമ്മിനെ ഉലച്ച ഒളിക്യാമറാ വിവാദത്തില്‍ ഉള്‍പ്പെട്ട അഭിഭാഷകയും ഈ ലിസ്റ്റിലുണ്ട്. ഇതാണ് പാര്‍ട്ടിക്ക് കത്ത് നല്‍കാന്‍ ജോസഫൈനെ പ്രേരിപ്പിച്ച പ്രധാന കാര്യം. അന്ന് അന്വേഷണ കമ്മിഷന്‍ അംഗമായിരുന്ന ജോസഫൈന്റെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോപി കോട്ടമുറിയ്ക്കലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും പുറത്താക്കുകയും ചെയ്തത്. ഇഷ്ടക്കാര്‍ക്കുവേണ്ടിയുളള വഴിവിട്ട നിയമനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അക്കാര്യം വിശദമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടി വേണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ കത്തിലുണ്ട്. എന്നാല്‍ ബന്ധുനിയമനം വിവാദത്തിലെ ശക്തമായ നിലപാട് പാര്‍ടിയില്‍ നഷ്ടപ്പെട്ട സ്വാധീനം കുറച്ചൊക്കെ തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കുമെന്നാണ് വി എസ് പക്ഷം കണക്കുകൂട്ടുന്നത്. അതുകൂടി മുന്നില്‍ കണ്ടാണ് കടുത്ത വി എസ് പക്ഷക്കാരിയായ ജോസഫൈന്റെ കത്തെന്നും കണക്കുകൂട്ടുന്നു. പ്രത്യേകിച്ചും ജയരാജന്റെ പേരില്‍ കണ്ണൂരിലെ സിപിഐഎം രാഷ്ടീയം ഉലഞ്ഞുനില്‍ക്കുന്ന ഘട്ടത്തില്‍.