മാഞ്ചസ്റ്റര്‍: ലോകകപ്പിന്‍റെ സെമി ഫെെനലില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ടിന് കരയാന്‍ കാര്യമുണ്ടെന്ന് മാഞ്ചസ്റ്റര്‍ യുണെെറ്റഡ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോ.  അവര്‍ ലോക കിരീടത്തിന് വളരെ അടുത്തായിരുന്നു. പക്ഷേ, ഇതില്‍ ഒരിക്കലും തളര്‍ന്ന് പോകരുത്. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാനാവണം.

മുന്‍ ലോകകപ്പില്‍ നടത്തിയ പ്രകടനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരുപാട് മെച്ചപ്പെട്ടു. യുവത്വം നിറഞ്ഞ് നില്‍ക്കുന്ന ടീമാണിത്. ഭൂരിഭാഗം കളിക്കാര്‍ക്കും കൂടുതല്‍ അനുഭവപരിചയത്തോടെ അടുത്ത തവണ ലോകകപ്പ് കളിക്കാനാകും. ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍റെ ചുമതല തനിക്കായിരുന്നെങ്കില്‍ പരിശീലകന്‍ ഗാരത് സൗത്ത്ഗേറ്റിനെ ഒരിക്കലും മാറ്റില്ല.

അടുത്ത യൂറോ കപ്പിലും ലോകകപ്പിലും ഇംഗ്ലണ്ടിനെ ഒരുക്കിയെടുക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കണം. നാട്ടിലേക്ക് അഭിമാനത്തോടെ തിരിച്ചെത്താവുന്ന നേട്ടവുമായാണ് ഓരോ ടീം അംഗങ്ങളും എത്തുന്നതെന്നും മൗറീഞ്ഞോ പറഞ്ഞു. അതേസമയം, അസാമാന്യമായ നേട്ടമാണ് ക്രൊയേഷ്യ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് മൗറീഞ്ഞോയുടെ അഭിപ്രായം.

ഒരു ചെറിയ ലീഗ് മാത്രമുള്ള രാജ്യമാണ് ക്രൊയേഷ്യ. അവരുടെ ഭൂരിഭാഗം താരങ്ങളും രാജ്യത്തിന് പുറത്താണ് കളിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ദേശീയ ടീമിനായി കളിക്കുന്നത് അത്ര എളുപ്പമല്ല. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഒരുമിച്ചെത്തി അവരുടെ രാജ്യത്തെ ലോകകപ്പിന്‍റെ കലാശ പോരാട്ടം വരെ എത്തിച്ചത് ഉയര്‍ന്ന നേട്ടമാണെന്നും മാഞ്ചസ്റ്റര്‍ പരിശീലകന്‍ പറഞ്ഞു.