ഐന്‍ മീഡിയയിലെ ക്യാമറാമാന്‍ യാസര്‍ മുര്‍താജയുടെ മരിച്ചത് സൈന്യം മനപൂര്‍വം വെടിവച്ചതാണെന്നാണ് കുടുംബം

ഗാസ: സംഘര്‍ഷം രൂക്ഷമായ ഇസ്രായേല്‍- ഗാസ അതിര്‍ത്തിയിലെ വെടിവയ്പില്‍ മാധ്യമപ്രവ‍ര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന് ഇസ്രായേല്‍ സേന. പലസ്തീനിലെ ഐന്‍ മീഡിയയിലെ ക്യാമറാമാന്‍ യാസര്‍ മുര്‍താജയുടെ മരണമാണ് അന്വേഷിക്കുന്നത്. ഒരാഴ്ചയിലധികമായി നീണ്ടു നില്‍ക്കുന്ന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ 29 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 

അതിര്‍ത്തി കടന്ന് ഇസ്രായേലിലെ ജന്മനാട്ടിലേക്ക് മടങ്ങാനുള്ള പലസ്തീനികളുടെ ശ്രമമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഇസ്രായേല്‍ സേനയുടെ വെടിവയ്പ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം ഇതുവരെ 1070പേര്‍ക്ക് പരിക്കേറ്റെന്നാണ് കണക്ക്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അടയാളങ്ങളുള്ള വേഷത്തിലായിരുന്നിട്ടും യാസര്‍ മുര്‍താജയെ സൈന്യം മനപൂര്‍വം വെടിവച്ചതാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 

എന്നാല്‍ ഇസ്രായേല്‍ സൈന്യം ഈ ആരോപണം നിഷേധിച്ചു. ഗാസ അതിര്‍ത്തിയില്‍ അഞ്ച് ഇടങ്ങളിലായി തമ്പടിച്ച പലസ്തീനികളെ നിരീക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ ഇസ്രായേല്‍ നിയോഗിച്ചിട്ടുണ്ട്.