രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് സംഭവിക്കുന്നതെന്നും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ദില്ലി: സർക്കാരിനെ വിമർശിക്കുന്ന മാധ്യമസ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധം വർദ്ധിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് സംഭവിക്കുന്നതെന്നും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്തിനാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ക്വിന്റിലേയും ന്യൂസ് മിനിറ്റിലേയും റെയ്ഡിന് പിന്നാലെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗ്രീന്‍ പീസ് ഇന്ത്യയിലും ബംഗളൂരുവിലെ ഡയറക്ട് ഡയലോഗ് ഇനീഷ്യേറ്റീവിലും റെയ്ഡ് നടത്തിയതായി മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ്ഗുഹ താക്കുര്‍ത്ത വെളിപ്പെടുത്തി.
ദില്ലിയിലെ എ.എ.പി ഗതാഗത മന്ത്രി കൈലാഷ് ഗാലോട്ടിന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് റെയ്ഡിന് പിന്നിലെ കാരണമെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അശുതോഷ്, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവർ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ക്വിന്റിലിയോണ്‍ മീഡിയ സ്ഥാപനത്തിന്റെ ഉടമയായ രാഘവ് ബാഹ്ലിയുടെ വസതിയിലും ക്വിന്റിലിയോണ്‍ നിക്ഷേപം നടത്തുന്ന ദി ന്യൂസ് മിനുട്ടിന്റെ ബാംഗ്‌ളൂരിലെ ഓഫീസിലും നികുതി വെട്ടിപ്പ് ആരോപിച്ച് ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തി. എന്‍.ഡി.ടി.വി സ്ഥാപകന്‍ പ്രണോയ് റോയുടെ വസതിയിലും കഴിഞ്ഞവര്‍ഷം സമാനപരിശോധന നടന്നിരുന്നു. ആദായനികുതി വകുപ്പിനെക്കൂട്ടു പിടിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിമർശനമുന്നയിച്ചിരുന്നു
