രാജ്യത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അത്യപൂര്‍വ സംഭവവികാസങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നാല് കോടതികള്‍ നിര്‍ത്തി വച്ച് നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. സുപ്രീംകോടതി അകത്തളങ്ങളിലെ അസ്വസ്ഥതകള്‍ പുറം ലോകം അറിയുകയായിുരുന്നു കഴിഞ്ഞ ദിവസം. 

ഈ സംഭവത്തോടെ നേരത്തേ കോടതികള വിമര്‍ശിച്ച് രംഗത്തിയിരുന്നവര്‍ ശരിയാണെന്ന് തെളിയിക്കുകയല്ലേ എന്ന് നടന്‍ ജോയ് മാത്യു പ്രതികരിച്ചു. ചില കാര്യങ്ങള്‍ക്ക് ഒരു 'വ്യവസ്ഥയും വെള്ളിയാഴ്ച' യുമുണ്ടെന്ന് സമര്‍ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുമ്പോള്‍ നേരത്തെ വിപ്ലവകാരികളായിരുന്ന ജസ്റ്റിസ് കട്ജുവും ജസ്റ്റിസ് കര്‍ണ്ണനും എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍ എന്നാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. 

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഈ വിപ്ലവം ഒരു ഭരണയന്ത്രത്തിനും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നീതിപീഠത്തെ വിലക്കെടുക്കാനാവില്ലന്നാണോ സമര്‍ഥിക്കുന്നതെന്നും ജോയ് മാത്യു ചോദിക്കുന്നു. 

ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് കോടതി പ്രവര്‍ത്തവനം നിര്‍ത്തി വച്ച് മാധ്യമങ്ങളെ കണ്ടത്. രാജ്യ താല്‍പര്യം നീതി പൂര്‍വ്വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉണ്ടെന്ന് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യമാണ്, സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ജഡ്ജിമാരെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ഞങ്ങള്‍ ആത്മാവിനെ വിറ്റുവെന്ന് നാളെ ജ്ഞാനികള്‍ കുറ്റപ്പെടുത്തരുത്. ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒരാള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. കേസുകള്‍ ജഡ്ജിമാര്‍ക്ക് വീതിച്ച് നല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഇത് സുപ്രിംകോടതിയുടെ ആത്മാര്‍ത്ഥതയെ ഇല്ലാതാക്കിയെന്നും അവര്‍ ആരോപിച്ചു. 

നേരത്തേ കോടതിയലക്ഷ്യ നടപടി നേരിട്ടവരാണ് ജസ്റ്റിസ് സി എസ് കര്‍ണനും സിപിഎം നേതാവായ എം വി ജയരാജനും. ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം നാളുകള്‍ക്ക് മുമ്പാണ് ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായത്. ശുംഭന്‍ പ്രയോഗത്തിലൂടെ ഹൈക്കോടതിയെ വിമര്‍ശിച്ചതിന് ജയരാജനെയും കോടതി ശിക്ഷിച്ചിരുന്നു.


ജോയ് മാത്യുവിന്‍റെ പോസ്റ്റ് ഇങ്ങനെ 

നീതിപീഠം
മണ്ണിലേക്കിറങ്ങുന്നു എന്നാണോ ഇതിന്നര്‍ഥം?
അത് മനുഷ്യരിലേക്കടുക്കുന്നു എന്നാണോ നം മനസ്സിലാക്കേണ്ടത്?
ഇന്‍ഡ്യന്‍ നീതിന്യായ ചരിത്രത്തിലെ
ഈ വിപ്ലവം 
ഒരു ഭരണയന്ത്രത്തിനും തങ്ങളുടെ
താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്
നീതിപീഠത്തെ വിലക്കെടുക്കാനാവില്ലന്നാണോ സമര്‍ഥിക്കുന്നത്?
പരോമോന്നത നീതിപീഠം ഇനി
വാര്‍ത്താസമ്മേളനങ്ങളിലൂടെയായിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുക?
ചില കാര്യങ്ങള്‍ക്ക് ഒരു 'വ്യവസ്ഥയും
വെള്ളിയാഴ്ച' യുമുണ്ടെന്ന്
സമര്‍ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുംബോള്‍
നേരത്തെ വിപ്ലവകാരികളായിരുന്ന
ജസ്റ്റിസ് കട് ജുവും
ജസ്റ്റിസ് കര്‍ണ്ണനും
എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന്
സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍?