കലാപം ഉണ്ടാക്കാൻ ശ്രമിച്ചു, നിരോധിത മേഖലയിൽ അതിക്രമിച്ചു കടന്നു, അന്യായമായി സംഘം ചേര്‍ന്നു, ഗൂഢാലോചന തുടങ്ങി 6 വകുപ്പുകളാണ് ജോയ് മാത്യുവിനും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്

കോഴിക്കോട്: കന്യാസ്ത്രീക്കനുകൂലമായി മിഠായിതെരുവിലെ നിരോധിത മേഖലയിൽ പ്രകടനം നടത്തിയ കേസിൽ നടൻ ജോയ് മാത്യു കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരായി. 

കലാപം ഉണ്ടാക്കാൻ ശ്രമിച്ചു, നിരോധിത മേഖലയിൽ അതിക്രമിച്ചു കടന്നു, അന്യായമായി സംഘം ചേര്‍ന്നു, ഗൂഢാലോചന തുടങ്ങി 6 വകുപ്പുകളാണ് ജോയ് മാത്യുവിനും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പിഴയടച്ച് സ്റ്റേഷൻ ജാമ്യം നേടാനാണ് എത്തിയതെങ്കിലും കേസ് പോലീസ് കോടതിക്ക് കൈമാറിയിരുന്നു.

കേസിനെ നിയമപരമായി നേരിടുമെന്നും വായടിപ്പിക്കാൻ സർക്കാർ നോക്കേണ്ടന്നും ജോയ് മാത്യു പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ പറ്റാത്ത രീതിയില്‍ നിശബ്ദരാക്കാനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്. 

മുദ്രാവാക്യം പോലുമില്ലാതെ വെറും പ്ലാക്കാര്‍ഡും പിടിച്ചു നടത്തിയ പ്രകടനത്തിനെതിരെയാണ് ഇത്രയും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. ഇവിടെ ബന്ദിന് എന്തും തകര്‍ക്കാം, നിയമസഭ അടിച്ചു പൊളിക്കാം അതിനൊന്നും പ്രശ്നമില്ല... ജോയ് മാത്യു പറഞ്ഞു. കഴിഞ്ഞ 12 നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയ് മാത്യുവിന്റെ നേതൃത്യത്തിൽ സാംസ്കാരിക പ്രവർത്തകർ കോഴിക്കോട് പ്രകടനം നടത്തിയത്.