പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും സിപിഎം നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നീക്കം
ഇടുക്കി: ഇടുക്കി എംപി ജോയ്സ് ജോർജ് കൈവശമുള്ള വിവാദ ഭൂമി ഉപേക്ഷിക്കാനൊരുങ്ങുന്നതായി സൂചന. കുടുബസ്വത്തായി എംപിക്ക് ലഭിച്ചതാണ് കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ വീണ്ടും ജോയ്സ് ജോർജ്ജ് തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നതിനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് വിവാദ ഭൂമി ഉപേക്ഷിക്കുന്നതിന് ഇദ്ദേഹം തയ്യാറാകുന്നത്.
ഏറെ രാഷ്ടീയ കൊടുങ്കാറ്റുയർത്തിയ വിവാദ ഭൂമി എതിരാളികൾ തിരഞ്ഞെടുപ്പ് ആയുധമാക്കി ഉയർത്തി കൊണ്ടുവരുവാനുള്ള സാധ്യത എൽഡിഎഫ് ജോയ്സ് ജോർജ്ജിനെ അറിയിച്ച സാഹചര്യത്തിലാണ് ഭൂമി ഉപേക്ഷിക്കുവാൻ എം.പി. ആലോചിക്കുന്നത്. ജോയ്സ് ജോര്ജിന്റെ പിതാവ് വര്ഷങ്ങള്ക്ക് കൈവശം വച്ച ഭൂമിയായിരുന്നു എന്നും, അന്ന് അതിന് പട്ടയമുള്പ്പെടെ ആവശ്യമായ രേഖകള് എല്ലാമുണ്ടായിരുന്നുവെന്നുമാണ് ഈ വിഷയത്തിൽ എംപിയുടെ നിലപാട്.
പിന്നീട് അത് മക്കള് വീതം വെച്ച് നല്കിയപ്പോള് ഒരു വീതം ജോയ്സിനും ലഭിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഭൂമിയുടെ പട്ടയത്തെ കുറിച്ച് ആക്ഷേപം ഉയരുകയും എതിരാളികൾ രാഷടീയ പ്രചരണം നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട റവന്യു നടപടികൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഇടുക്കിജില്ലാ കളക്ടറുടെ നിര്ദേശപ്രകാരം ഈ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി സബ് കളക്ടര് പരിശോധിക്കാനിരിക്കുകയാണ്. ഇതിനായി ഈ മാസം 24-ന് രേഖകളുമായി ഹാജരാകാന് എംപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എംപി വിവാദ ഭൂമിയിലെ അവകാശം ഒഴിയുന്നതായി സൂചനകൾ പുറത്തു വന്നിട്ടുള്ളത്.
