മൂന്നാര്‍: തന്‍റെ പേരിലുള്ള കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം ദേവികുളം സബ്കളക്ടര്‍ റദ്ദാക്കിയ നടപടി സാമാന്യ നീതി നിഷേധനമെന്ന് ജോയ്സ് ജോര്‍ജ്ജ് എംപി. എല്ലാ രേഖകളും താന്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഇത് താന്‍ കരം അടക്കുന്ന കുടുംബസ്വത്താണെന്നും ജോയ്സ് ജോര്‍ജ്ജ് പ്രതികരിച്ചു. വിഷയത്തില്‍ തന്‍റെ വാദം കേട്ടില്ല. തനിക്ക് കാരണം കാണിക്കല്‍ നോട്ടിസ് വന്നിട്ടില്ല, സംഭവത്തില്‍ തന്നോട് വിശദീകരണം ചോദിച്ചില്ല . എന്തുകൊണ്ടാണ് നടപടിയെന്ന് അറിയില്ലെന്നും ജോയ്സ് ജോര്‍ജ്ജ് എംപി പറഞ്ഞു. 

സര്‍ക്കാര്‍ തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേവികുളം സബ്കളക്ടര്‍ നടപടിയെടുത്തത്. ജോയ്സ് ജോര്‍ജ്ജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് റദ്ദാക്കിയത്. ഭൂമിയുടെ രേഖകളുമായി നവംബര്‍ ഏഴിന് ഹാജരാകണമെന്ന് അവശ്യപ്പെട്ട് എം.പിക്കും ബന്ധുക്കള്‍ക്കും സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ബ്ലോക്ക് നമ്പര്‍ 52-ല്‍ 120-ാം തണ്ടപ്പേരിനെക്കുറിച്ചുള്ള രേഖകള്‍ ജോയിസ് ജോര്‍ജും 111-ാം നമ്പര്‍ തണ്ടപ്പേര്‍ വിവരങ്ങള്‍ ഭാര്യയും ഹാജരാക്കണമെന്നായിരുന്നു നോട്ടീസ്. 

ജോയ്‌സ് ജോര്‍ജ് എം.പി., ഭാര്യ അനൂപ, അമ്മ മേരി, സഹോദരങ്ങളായ രാജീവ് ജോര്‍ജ്, ജസ്പിന്‍ ജോര്‍ജ് എന്നിവരുടെ പേരില്‍ കൊട്ടക്കമ്പൂരില്‍ വ്യാജ പട്ടയം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ജോയ്സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും അഭിഭാഷകന്‍ മുഖേന ദേവികുളം സബ്കളക്ടര്‍ക്ക് മുന്‍പില്‍ രേഖകള്‍ ഹാജരാക്കി. തുടര്‍ന്നാണ് ഇവരുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തുകയും ഭൂമിക്കുമേലുള്ള ഉടമസ്ഥാവകാശം റദ്ദാക്കുകയും ചെയ്തത്.