സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കാരവന്‍ മാസിക
മുംബൈ: സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കാരവന് മാസിക. മഹാരാഷ്ട്രയിലെ മന്ത്രിയുടെ ബന്ധുവായ ഡോക്ടര് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടിൽ കൃത്രിമം നടത്തിയെന്നാണ് റിപ്പോര്ട്ട്.
ബിഎച്ച് ലോയയുടെ മൃതദേഹം നാഗ്പൂര് മെഡിക്കൽ കോളേജിലെ ഡോക്ടര് എം കെ തുമ്രം പോസ്റ്റുമോര്ട്ടം നടത്തിയെന്നാണ് ഔദ്യോഗിക രേഖകൾ. എന്നാൽ മഹാരാഷ്ട്രയിലെ ധനമന്ത്രി സുധീര് മുങ്കതിവാറിന്റെ സഹോദരി ഭര്ത്താവും നാഗ്പൂര് മെഡിക്കൽ കോളേജ് പ്രഫസറും ആയിരുന്ന ഡോക്ടര് മക്രാന്ത് വ്യവഹാരെയാണ് പോസ്റ്റുമോര്ട്ടം നടത്തിയതെന്നാണ് കാരവൺ മാസികയുടെ വെളിപ്പെടുത്തൽ.
ലോയയുടെ തലയുടെ പിറകിൽ വലത് ഭാഗത്തായി മുറിവുണ്ടായിരുന്നുവെന്ന് ആശുപത്രി ജീവനക്കാരനെ ഉദ്ദരിച്ചുള്ള റിപ്പോര്ട്ടിൽ പറയുന്നു. കല്ലുകൊണ്ടുള്ളതിന് സമാനമായ മുറിവിൽ നിന്നുള്ള രക്തത്തിൽ ലോയയുടെ വസ്ത്രം കുതിര്ന്നിരുന്നുവെന്നും കാരവൺ വെളിപ്പെടുത്തുന്നു. ഇക്കാര്യം മറച്ചുവച്ച് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടിൽ ഹൃദയാഘാതം എന്നാക്കി മാറ്റാൻ വ്യവഹാരെ എം കെ തുമ്രത്തിന് നിര്ദ്ദേശം നൽകുകയായിരുന്നു.
തന്റെ മുന്നിൽവച്ചാണ് പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ട് തയ്യാറാക്കിയതെന്നും കാരവൺ മാസിക അഭിമുഖം ചെയ്ത ആശുപത്രി ജീവനക്കാരൻ വെളിപ്പെടുത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തൽ ലോയയുടെ ബന്ധുക്കളും നടത്തിയിരുന്നു.
എന്നാൽ സാങ്കൽപ്പിക കഥകളാണ് മാസിക പുറത്തുവിട്ടതെന്നും മരണത്തിൽ ദുരൂഹതയില്ലെന്ന് ലോയയുടെ മകൻ തന്നെ വ്യക്തമാക്കിയതാണെന്നും ലോയയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്ജി സുപ്രീംകോടതി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്.
