ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജസ്റ്റിസ് കെ.ടി തോമസ് സോണിയാ ഗാന്ധിക്ക് കത്തെഴുതി. പ്രതികളെ മോചിപ്പിക്കുന്നതിന് മുന്‍കൈ എടുക്കണമെന്നും ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുമാണ് ജസ്റ്റിസ് കെ.ടി തോമസിന്‍റെ ആവശ്യം. രാജീവ് ഗാന്ധി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിമാരിൽ ഒരാളായിരുന്നു ജസ്റ്റിസ് കെ.ടി തോമസ്.
പ്രതികള്‍ക്ക് മാപ്പുനല്‍കുന്ന കാര്യം തമിഴ്നാട് ഗവണ്‍മെന്‍റ് 2014 ല്‍ പരിഗണിച്ചിരുന്നെങ്കിലും കേന്ദ്രം ഇതു തടയുകയായിരുന്നു. ഇപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലാണ് കേസ്. ജീവിതത്തിന്‍റെ നല്ല ഭാഗവും പ്രതികള്‍ ജയിലില്‍ കഴിഞ്ഞെന്നും ഇവര്‍ക്ക് മാപ്പുനല്‍കണമെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കുമെന്നുമാണ് കെ.ടി തോമസ് കത്തില്‍ പറയുന്നത്.
പ്രതികള്‍ക്കെതിരെ വിധി പ്രസ്താവിച്ച ജഡ്ജി എന്ന നിലയ്ക്ക് ഈ വിഷയം സോണിയ ഗാന്ധിയുടെ മുന്‍പില്‍ താന്‍ അഭിസംബോധന ചെയ്യുകയാണ്. സോണിയക്ക് മാത്രമേ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളു എന്നും കത്തില്‍ കെ.ടി തോമസ് പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് സോണിയ ഗാന്ധിക്ക് കെ.ടി തോമസ് കത്തെഴുതിയത്.
