മൂന്നാര്‍: ദേവികുളം കോടതിയുടെ ഭൂമി കൈയ്യേറിയ സംഭവത്തില്‍ ജഡ്ജിമാര്‍ നടപടികള്‍ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഭൂമി സന്ദര്‍ശിച്ച ദേവികുളം സബ് ജഡ്ജ് ജോസ്.എന്‍.സിറില്‍, മുനിസിഫ് മജിസ്‌ട്രേറ്റ് സി. ഉബൈദ്ദുള്ള എന്നിവിരടങ്ങുന്ന സംഘം ഭൂമിയുടെ അതിരുകള്‍ വേലികെട്ടിതിരിക്കുന്നതിനും കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ ദേവികുളം പോലീസ് കോടതിയുടെ ഭൂമി കൈയ്യേറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

വക്കീലന്‍മാര്‍ക്ക് കോട്ടേഴ്‌സ് നിര്‍മ്മിക്കുവാന്‍ അനുവധിച്ച ഭൂമിയില്‍ കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികള്‍ റവന്യു ഉദ്ധ്യോഗസ്ഥരുടെ സഹായത്തോടെ കുറ്റിയടിച്ച് കൈയ്യേറാന്‍ ശ്രമിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ജഡ്ജ് കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ദേവികുളം പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കോടതിയ്ക്ക് മൂന്നരയേക്കറോളം ഭൂമിയാണ് ദേവികുളത്തുള്ളത്. 

ഇതില്‍ ഒരേക്കറോളം ഭൂമി വക്കീലന്‍മാര്‍ക്ക് കോട്ടേഴ്‌സ് സ്ഥാപിക്കുവാന്‍ വിട്ടു നല്‍കി. ഈ ഭൂമിയാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികള്‍ കൈയ്യേറാന്‍ ശ്രമിച്ചത്. എന്നാല്‍ കോടതി പരിസരത്ത് ചിലര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയിട്ടുണ്ടെന്ന വാദവുമായി ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. 1982 ല്‍ ദേവികുളം സബ് കളക്ടര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ 2017 വരെ കരം ഒടുക്കുന്നതായും ഇവര്‍ അവകാശപ്പെടുന്നു. സൂപ്രണ്ടുമാരായ കെ.എസ്. ശിവന്‍, എം.എ.ഷാജി എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.