തിരുവനന്തപുരം: പണിമുടക്ക് സമരം തുടരുന്ന ജൂനിയർ ഡോക്ടർമാർ നാളെ മുതൽ അനിശ്ചിതകാല നിരാഹാരം തുടങ്ങും. മെഡിക്കൽ കോളേജ് ക്യാന്പസുകൾ കേന്ദ്രീകരിച്ചാകും നിരാഹാര സമരം. സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കുക, സ്ഥിര നിയമനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 

ആദ്യഘട്ടത്തില്‍ അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിജി ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍, എന്നിവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം സമരം ആദ്യദിനം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചില്ല. അവശ്യ സര്‍വീസുകള്‍ ഒന്നും മുടങ്ങിയില്ല. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയാല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. സമരത്തിനെതിരെ കണ്ണടച്ചാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

ഒ.പികളില്‍ വലിയ തിരക്കുണ്ടായിരുന്നെങ്കിലും പരിശോധനകള്‍ക്ക് കാര്യമായ തടസ്സമുണ്ടായില്ല. എന്നാല്‍ മുറിവ് വെച്ചു കെട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ മറ്റു ആശുപത്രികളിലേക്ക് തിരിച്ചയച്ചു. 

പി.ജി ഡോക്ടര്‍മാരില്ലെങ്കിലും കൂടുതല്‍ അധ്യാപകര്‍ ഒ.പിയില്‍ എത്തി. അവധിയില്‍ പോയവരുടെ അവധി റദ്ദാക്കി. ബദല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യഘട്ട സമരത്തില്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് നീങ്ങില്ല