കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ന്യായാധിപന്‍മാര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ച് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണന്‍. മതപരമായ വിവേചനം, ഗൂഢാലോചന, പീഡനം, കോടതിയെ ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഴ്ച അദ്ദേഹം സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജാമ്യാമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ദളിത് വിഭാഗത്തില്‍പെട്ട തന്നോട് സുപ്രീം കോടതി ജഡ്ജിമാര്‍ വിവേചനം കാണിച്ചതായി കര്‍ണന്‍ ആരോപിച്ചു. സുപ്രീംകോടതിയില്‍ നിന്ന് കോടതിയലക്ഷ്യകേസ് നിലവിലുള്ള ഹൈക്കോടതി ജഡ്ജിയാണ് സിഎസ് കര്‍ണന്‍. നീതിന്യായവ്യവസ്ഥയെ തരംതാഴ്ത്തിയതിനും സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണം നടത്തിയതിനുമായിരുന്നു നടപടി. ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യ നടപടി നേരിടുന്ന കര്‍ണന്റെ മാനസിക നില പരിശോധിക്കാൻ വൈദ്യ പരിശോധന നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ച അദ്ദേഹം സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പരിശോധിക്കാനെത്തിയ മെഡിക്കൽ സംഘത്തെ കര്‍ണൻ മടക്കി അയച്ചു. ഒരാളെ വൈദ്യപരിശോധന നടത്താൻ രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്നും തന്റെ കുടുംബാംഗങ്ങളൊന്നും വീട്ടിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണൻ പരിശോധനയ്ക്ക് വിസമ്മതിച്ചത്. ഇക്കാര്യം മെഡിക്കൽ സംഘത്തിന് കര്‍ണൻ എഴുതി നൽകി.