പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

തിരുവനന്തപുരം: അഭിമന്യു കേസിൽ പൊലീസിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. പ്രതികളെ കേരള പൊലീസിന് പിടികൂടാൻ ആകുന്നില്ലെങ്കിൽ എൻഐഎയേയോ സിബിഐയേയോ കേസ് ഏൽപ്പിക്കണം. പ്രതികൾ എസ്ഡിപിഐക്കാർ ആണെങ്കിൽ, ആ സംഘടനയെ നിരോധിക്കുക തന്നെ വേണമെന്നും ജെ. കെമാൽ പാഷ ന്യൂസ് അവറിൽ പറഞ്ഞു.

അതേസമയം, രാഷ്ട്രീയത്തിന്‍റെ പേരില്‍ കലാലയങ്ങളില്‍ ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ക്യാപംസ് രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സര്‍ക്കാര്‍ കോളേജായ മഹാരാജാസില്‍ ഒരൂ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് നിരാശജനകമായ സംഭവമാണ്.

കലാലയ രാഷ്ട്രീയം സംബന്ധിച്ച് നല്‍കിയ മുന്‍കാല വിധികളും നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി പാലിക്കാത്തിതിന്‍റെ പരിണിത ഫലമാണ് ഇതെല്ലാം. അഭിമന്യുവിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. കലാലയരാഷ്ട്രീയത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ ഒരുരീതിയിലും അനുവദിക്കാന്‍ സാധിക്കില്ലെന്നും സമരപരിപാടികളൊന്നും കോളേജുകളില്‍ അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

നേരത്തെ മൂന്ന് തവണ ഹൈക്കോടതി കലാലയ രാഷ്ട്രീയം നിരോധിച്ചതാണെന്നും ഇവയൊന്നും പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്യാംപസ് രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കാനും കോടതി ഉത്തരവിട്ടിരുന്നു.