Asianet News MalayalamAsianet News Malayalam

കോളിജിയം ശുപാർശകൾ സർക്കാർ നിരാകരിച്ചത് സംഭവിക്കാൻ പാടില്ലാത്തത്: ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌

  • ശുപാർശ തിരിച്ചയച്ചതിനെതിരെ സുപ്രീംകോടതി ജഡ്ജി
  • കോടതിയിലെ ഭിന്നതയും പുറത്ത്
  • ജസ്റ്റിസ് കെഎം ജോസഫിൻറെ പേര് വീണ്ടും നല്കിയേക്കും
     
justice kurien joseph against central government

കൊച്ചി: ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം തിരിച്ചയച്ചതിനെ പരസ്യമായി വിമർശിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് രംഗത്തു വന്നു. കേന്ദ്ര സർക്കാർ നടപടി പാടില്ലായിരുന്നു എന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. കേന്ദ്രത്തിന് ഇതിന് അധികാരമുണ്ടെന്ന ചീഫ് ജസ്റ്റിസിൻറെ നിലപാടിനോട് യോജിപ്പില്ലെന്ന സൂചനയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നല്കുന്നത്.

ഉത്തരാഖണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ തിരിച്ചയച്ചത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്നാണ് ജസ്റ്റിസ് കുര്യൻ ജോസഫ് കൊച്ചിയിൽ പറഞ്ഞത്.

കൊളിജീയം യോഗം ഈ ആഴ്ച വീണ്ടും ചേരുമ്പോൾ ജസ്റ്റിസ് കെ എം ജോസഫിൻറെ പേര് വീണ്ടും കേന്ദ്രത്തിന് നല്കും എന്ന സൂചന കൂടിയാണ് ഈ വിമർശനത്തിലൂടെ ജസ്റ്റിസ് കുര്യൻ ജോസഫ് നല്കുന്നത്. ശുപാർശ തിരിച്ചയയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് ഇന്ദിരാ ജയസിംഗ് നല്കിയ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്ര വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനോട് യോജിക്കാത്ത നിലപാടാണ് ജസ്റ്റിസ് കുര്യൻ ജോസഫ് പ്രകടിപ്പിച്ചത്. 

അതായത് ഇക്കാര്യത്തിലും ചീഫ് ജസ്റ്റിസിൻറെ അഭിപ്രായത്തോട് കൊളീജിയത്തിലെ മുതിർന്ന ജഡ്ജിമാർക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തം. ശുപാർശ തിരിച്ചയച്ചതിനെ ന്യായീകരിച്ച് നേരത്തെ നിയമമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേന്ദ്രത്തിനും ജുഡീഷ്യറിക്കും ഇടയിലുള്ള പരസ്യ എറ്റുമുട്ടലായി തന്നെ ഈ വിഷയം ഇന്നത്തെ ജസ്റ്റിസ് കുര്യൻ ജോസഫിൻറെ പ്രസ്താവനയോടെ മാറുകയാണ്.

Follow Us:
Download App:
  • android
  • ios